കായലോര ഗ്രാമങ്ങളെ മാലിന്യമുക്തമാക്കാന്‍ പദ്ധതി

കൊച്ചി: സംസ്ഥാനത്തെ കായലോര ഗ്രാമങ്ങളിലെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം നടത്തിവരുന്ന നിര്‍മലധാര പദ്ധതി ശക്തിപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നീല ഹരിതസേന.
മാലിന്യങ്ങള്‍ നീക്കി ജലാശയങ്ങളുടെ ഒഴുക്കും ആവാസവ്യവസ്ഥയും പൂര്‍വസ്ഥിതിയിലാക്കുന്നതിനു വേണ്ടി സിഎംഎഫ്ആര്‍ഐ മുളവുകാട് പഞ്ചായത്തില്‍ തുടക്കമിട്ട പദ്ധതിയാണ് നിര്‍മലധാര. രണ്ടാം ഘട്ടത്തില്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് വിദ്യാര്‍ഥികളടങ്ങുന്ന നീല ഹരിതസേനയ്ക്ക് സിഎംഎഫ്ആര്‍ഐ രൂപം നല്‍കിയത്.  ഗ്രാമതലങ്ങളില്‍ മാലിന്യനിര്‍മാര്‍ജന ബോധവല്‍ക്കരണം നടത്തുന്നതിന് സിഎംഎഫ്ആര്‍ഐ ഗവേഷക സംഘത്തോടൊപ്പം ഇനിമുതല്‍ നീല ഹരിതസേനയും രംഗത്തിറങ്ങും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പൊതുജലാശയങ്ങള്‍ കൃഷിയോഗ്യമല്ലാതായി വന്നപ്പോഴാണ് സിഎംഎഫ്ആര്‍ഐയിലെ പരിസ്ഥിതി ഗവേഷണ വിഭാഗം മുളവുകാട് പഞ്ചായത്തില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അണുക്കളുടെ സാന്നിധ്യവും സിഎംഎഫ്ആര്‍ഐയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജന പങ്കാളിത്തത്തോടെ തുടങ്ങിയ നിര്‍മലധാര പഞ്ചായത്തില്‍ വന്‍ വിജയമായതോടെയാണ് വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നീല ഹരിതസേന രൂപീകരിച്ച് ശക്തിപ്പെടുത്തുന്നത്.
വീടുകളില്‍ നിന്നു തന്നെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ജലാശയങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കുന്നതാണ് പദ്ധതി.

RELATED STORIES

Share it
Top