കായലിനു നടുവില്‍ നിന്ന് മോചനം; വീടുനിര്‍മാണോദ്ഘാടനം ഇന്ന്

വൈപ്പിന്‍: കായലിനു നടുവില്‍ മരപലകകള്‍ ചേര്‍ത്തുവച്ച് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച് തട്ടിക്കൂട്ടിയുണ്ടാക്കിയ കുടിലില്‍ താമസിക്കുന്ന ദലിത് വിഭാഗത്തില്‍പ്പെട്ട അമ്മക്കും മൂന്ന് പെണ്‍മക്കള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാനുള്ള വീടുനിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് മയാറ്റിത്തറ സുമക്കും(46) ഇവരുടെ മൂന്ന് പെണ്‍കുട്ടികളുടെയും സുരക്ഷിതമായ വീടെന്ന സ്വപ്‌നമാണ് പൂവണിയുന്നത്. കുടിലിനോടു ചേര്‍ന്നുള്ള ചീനവലവലിച്ചും പുഴയില്‍ വലനീട്ടിയും ലഭിക്കുന്ന മല്‍സ്യം വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്.
രണ്ടുപെണ്‍കുട്ടികള്‍ വിദ്യാര്‍ഥികളുമാണ്. കായലില്‍ കുറ്റിനാട്ടിക്കെട്ടിയ കുടിലിലുള്ള ഇവരുടെ താമസം വാര്‍ത്തയായതോടെയാണ് ഖത്തറിലെ പ്രവാസികളായ ആലപ്പുഴ സ്വദേശി ബിജു, തൃശൂര്‍ സ്വദേശി സുഹൈല്‍ എന്നിവരുടെ ശ്രമഫലമായി ഇവരുടെ ജോലിക്ക് കോട്ടം തട്ടാത്ത തരത്തില്‍ 4 സെന്റ് സ്ഥലം കായലിന് സമീപം കണ്ടെത്തുകയായിരുന്നു. ഇവിടെയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈപ്പിന്‍ ചാപ്പ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തിന്റെയും പൊതുജനപങ്കാളിത്തത്തോടെയും വീടുനിര്‍മാണം പൂര്‍ത്തികരിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇന്ന് രാവിലെ ഭവന നിര്‍മണ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് ചെയര്‍മാന്‍ എം എം സഫ്‌വാന്‍, കണ്‍വീനര്‍ കെ കെ അബ്ദുല്‍ ഖയ്യൂം എന്നിവര്‍ അറിയിച്ചു. ചടങ്ങിള്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

RELATED STORIES

Share it
Top