കാന നിര്‍മാണം; റോഡില്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിയത് അപകടങ്ങള്‍ക്ക് കാരണമാവുന്നു

കുന്നംകുളം: കാന നിര്‍മ്മാണത്തിനായി റോഡില്‍ നിര്‍മ്മാണ സമാഗ്രികള്‍ ഇറക്കിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. സംസ്ഥാന പാതയില്‍ ചൂണ്ടല്‍ സെന്ററിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം കാരറുകാരന്‍ മെറ്റലും മണലും നടുറോഡിലിറക്കിയിരിക്കുന്നത്.
ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ റോഡിനോട് ചേര്‍ന്നുള്ള കാന നിര്‍മ്മിക്കുന്നതിനായി രണ്ടാഴ്ച്ച മുന്‍പാണ് സാമഗ്രികള്‍ ഇറക്കിയത്. എന്നാല്‍ കാന വൃത്തിയാക്കുന്നതിനിടെ ബി.എസ്.എന്‍.എല്ലിന്റെ കേബിളുകള്‍ മുറിഞ്ഞതോടെ മേഖലയിലെ ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി.
ഇതോടെ ബി.എസ്.എന്‍ .എല്‍ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിനെതിരെ രംഗത്ത് എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിക്കുകയുമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തി നിലച്ചതോടെ റോഡില്‍ ഇറക്കിയ മെറ്റല്‍, മണല്‍ കൂനകള്‍ യാത്രികര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.
ട്രാഫിക്ക് സിഗ്‌നലുള്ള ഇവിടെ ദിവസവും അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് മെറ്റല്‍, മണല്‍ എന്നിവ ഇറക്കിയിട്ടുള്ളത്. കൂടാതെ ടാര്‍ വീപ്പ നിരത്തിവെച്ചിട്ടുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ട്രാഫിക് സിഗ്‌നല്‍ തെളിയുമ്പോള്‍ വാഹനങ്ങള്‍ കൂട്ടത്തോടെ മുന്നോട്ട് എടുക്കുന്നതിനാല്‍ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും പതിവായിരിക്കുകയാണ്. കാനനിര്‍മ്മാണം അനന്തമായി നീളുന്നതിനാല്‍ സമീപത്തെ കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍-പി.ഡബ്ല്യൂ.ഡി. അധികൃതര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുമ്പോള്‍ കാന നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന കാര്യം അനിശ്ചിതത്തിലായിരിക്കുകയാണ്.

RELATED STORIES

Share it
Top