കാന്‍സറിനെ തോല്‍പ്പിച്ചവരുടെ സംഗമം ഹൃദ്യമായി

കൊച്ചി: കാന്‍സറിനോടു പൊരുതുന്നവരും പൊരുതി ജയിച്ചവരും ഒരിക്കല്‍ക്കൂടി കണ്ടുമുട്ടി. ലോക കാന്‍സര്‍ദിനത്തിനോട് അനുബന്ധിച്ച് ഡോ. പി വി ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചി കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച 'കമ്മ്യൂണിയന്‍ 2018'ലാണ് കാന്‍സര്‍ രോഗത്തില്‍ നിന്ന് മോചനം നേടിയവരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ചത്. നിലവില്‍ രോഗത്തിന് ചികില്‍സിക്കുന്നവരും കൂട്ടായ്മയില്‍ എത്തിയിരുന്നു. വേദന നിറഞ്ഞു നിന്ന അന്തരീക്ഷം പതുക്കെ കളികള്‍ക്കും തമാശകള്‍ക്കും സംഗീതത്തിനും വഴിമാറിയതോടെ രോഗത്തിന്റെ തീവ്രത മറന്ന് ഏവരും പങ്കാളികളായി. കാന്‍സറിനെ പൊരുതി തോല്‍പിച്ചവര്‍ നിലവില്‍ രോഗത്തിന്റെ പിടിയിലായവര്‍ക്കു പോരാട്ടവീര്യത്തിന്റെ ആത്മവിശ്വാസം പകര്‍ന്നു നല്‍കി. എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കാന്‍സര്‍രോഗികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗം ആളുകളും അവരവരുടെ കഴിവനുസരിച്ചുള്ള വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗസലും മലയാള സിനിമാഗാനവും ചേര്‍ത്ത് വിഷ്ണു അവതരിപ്പിച്ച മെഡ്‌ലിയും, അപര്‍ണയുടെ വയലിന്‍ സംഗീതവുമെല്ലാം ശ്രദ്ധേയമായി. ഇവരെ ആസ്വാദകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താനും കഴിവുകള്‍ വിശദീകരിക്കുവാനും ഡോ. വി പി ഗംഗാധരന്‍ മുന്‍കൈയെടുത്തു. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും പ്രോല്‍സാഹനമായി കാന്‍സര്‍ സൊസൈറ്റി സ്‌നേഹ സമ്മാനവും വിതരണം ചെയ്തു. കലാപരിപാടികള്‍ വേദിയില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ആസ്വാദകര്‍ക്കിടയില്‍ കാഴ്ചക്കാരനായി 2015ലെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ക്രിയാത്മകതയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അന്‍ജന്‍ സതീഷുമുണ്ടായിരുന്നു.  തന്റെ മുന്നിലെത്തുന്നവരുടെ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍  വരയ്ക്കുന്ന അന്‍ജന്‍ ഇന്നലെയും പെന്‍സിലെടുത്തപ്പോള്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യാന്‍ പരിപാടിക്കെത്തിയവര്‍ തിടുക്കംകൂട്ടി. സിനിമാ താരങ്ങളായ ജനാര്‍ദ്ദനന്‍, അഞ്ജലി അനീഷ്, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ശിവ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തി.

RELATED STORIES

Share it
Top