കാന്റീന്‍ നിര്‍മാണം അനധികൃതമെന്ന്

ചേര്‍ത്തല: താലൂക്കാശുപത്രിയിലെ നഗരസഭയുടെ   കാന്റീന്‍ നിര്‍മാണം അനധികൃതമെന്ന് ആരോപണം.കാന്റീന്‍ നിര്‍മാണം സംബന്ധിച്ച് നഗരസഭയും ആശുപത്രി അധികൃതരും രണ്ട് തട്ടില്‍.സാങ്കേതിക അനുമതിയില്ലാതെയാണ്  കെട്ടിട  നിര്‍മാണം നടക്കുന്നതെന്നും  നിലവില്‍ ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിനു നിയമപരമായ തടസ്സം നിലനില്‍ക്കുമ്പോഴാണ് നഗരസഭയുടെ  ഇടപെടലെന്നുമാണ് ആരോപണം.ആശുപത്രിയുടെ മുന്‍വശം  കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ച് വിവാദങ്ങള്‍  നേരത്തേ ഉയര്‍ന്നിരുന്നു. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള  തുകയാണ് കാന്റീന്‍ നിര്‍മാണത്തിന് അനുവദിച്ചത്.ആശുപത്രിക്ക് മുന്‍വശം ചികില്‍സാ ആവശ്യത്തിനായി  വയലാര്‍ രവി എം പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള അഞ്ചു കോടിയുടെ പുതിയ കെട്ടിടത്തിന്റെ  നിര്‍മാണമാണ്  ഇതുമൂലം  തടസപ്പെട്ടിരിക്കുന്നത്.ഈ കെട്ടിടം നിര്‍മിക്കാന്‍ ആശുപത്രി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്താണ് കാന്റീന്‍ നിര്‍മാണം. ഇവിടെ അഞ്ചു നില കെട്ടിട നിര്‍മാണത്തിന്  ഹാബിറ്റാറ്റിസ്റ്റ് സഹകരണത്തോടെ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. നിലവില്‍  പഴയ കാന്റീന്‍ കെട്ടിടം ഉണ്ട്.  ഇത് അറ്റകുറ്റപണി നടത്തേണ്ട സാഹചര്യമാത്രമാണുള്ളതെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.  വാര്‍ഡുകളിലെ അറ്റകുറ്റപണിയടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് കാന്റീന്‍ നിര്‍മാണമെന്നാണ് ആരോപണം.എന്നാല്‍ രോഗികള്‍ക്കു പ്രയോജനകരമായ പദ്ധതിയാണു നടത്തുന്നതെന്നും ഇവിടെ നിര്‍മാണത്തിന് നഗരസഭക്ക് ആരുടേയും അനുമതിയുടെ ആവശ്യമില്ലെന്നും ചിലരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാത്തതാണ് എതിര്‍പ്പുകള്‍ക്കു കാരണമെന്നും ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ ഐസക്ക് മാടവന പറഞ്ഞു.അതേസമയം അശാസ്ത്രീയ  കെട്ടിട നിര്‍മ്മാണം ആശുപത്രി വികസനത്തിനു തടസ്സമാകുമെന്നും വാര്‍ഡുകളിലെ അറ്റകുറ്റപണികളാണ്  ഇപ്പോള്‍ അടിയന്തിര ആവശ്യമെന്നും ആശുപത്രി സൂപ്രണ്ട്   എന്‍ അനില്‍കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top