കാന്റീന്‍ ജീവനക്കാരനു മര്‍ദനംപി സി ജോര്‍ജ് എംഎല്‍എക്കെതിരേ കുറ്റപത്രം

തിരുവനന്തപുരം: നിയമസഭാ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ മ്യൂസിയം പോലിസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്)യില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജീവനക്കാരനെ പി സി ജോര്‍ജ് ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു കുറ്റപത്രം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു.
2017 ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഉച്ചയൂണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചെന്നാണു ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു പരാതി നല്‍കിയത്. നിയമസഭയില്‍ നിന്ന് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലുള്ള ഫഌറ്റിലെത്തിയ ജോര്‍ജ് കഫേ കുടുംബശ്രീയിലേക്ക് ഫോണില്‍ ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. ചോറെത്തിക്കാന്‍ 20 മിനിറ്റ് താമസമുണ്ടായി. താന്‍ മുറിയിലെത്തുമ്പോള്‍ ജോര്‍ജ് കാന്റീനില്‍ ഫോണ്‍ ചെയ്തു ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്തവിളിച്ചു. മുഖത്ത് അടിച്ചു. അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചു. മര്‍ദനത്തില്‍ ചുണ്ടിലും കണ്ണിലും പരിക്കേറ്റു. തുടര്‍ന്നു ചികില്‍സ തേടി. കാന്റീന്‍ ജീവനക്കാരോട് എംഎല്‍എ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 40 മിനിറ്റ് വൈകിയാണു തനിക്ക് ഊണ് എത്തിച്ചതെന്നാണു ജോര്‍ജിന്റെ ഭാഷ്യം. ഇത്രയും വൈകിയതിനെ ചോദ്യംചെയ്തു എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല. മനുവിന്റെ ചുണ്ടില്‍ പരിക്കേറ്റതിനെപ്പറ്റി അന്വേഷിക്കണമെന്നും എംഎല്‍എ അന്നു പറഞ്ഞിരുന്നു.

RELATED STORIES

Share it
Top