കാനാന്‍ ദേശക്കാര്‍

ബൈബിളിലെ പഴയ നിയമത്തിലാണ് കാനാന്‍ ദേശക്കാരുടെ കഥ പറയുന്നത്. നിങ്ങള്‍ മുച്ചൂടും നശിച്ചുപോവട്ടെ എന്ന് നോഹ അവരെ ശപിച്ചെന്നാണ് ബൈബിള്‍ പറയുന്നത്. കാനാന്‍ വംശക്കാര്‍ താമസിച്ചിരുന്നത് ഇന്നത്തെ ജോര്‍ദാന്‍, ലബ്‌നാന്‍, സിറിയ, ഇസ്രായേല്‍, ഫലസ്തീന്‍ ഒക്കെ അടങ്ങുന്ന വിശാലമായ പ്രദേശത്തായിരുന്നു. അവര്‍ മധ്യധരണ്യാഴിയുടെ കിഴക്കന്‍ തീരത്ത് പാര്‍ത്തുകൊണ്ട് കൃഷിയും കച്ചവടവും നടത്തിയതായാണു പറയപ്പെടുന്നത്.
ഈ കൂട്ടര്‍ക്ക് യഥാര്‍ഥത്തില്‍ എന്തുപറ്റി എന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്ക് വലിയ അറിവൊന്നുമില്ല. അതിനു കാരണം അവരുടെ രേഖകള്‍ ഒന്നും അവശേഷിക്കുകയുണ്ടായില്ല എന്നതാണ്. ഈജിപ്തുകാരും ഗ്രീക്കുകാരും അടങ്ങുന്ന പ്രാചീന സമൂഹങ്ങളുടെ ലിഖിതങ്ങള്‍ പലതും കിട്ടിയിട്ടുണ്ട്. കാരണം, അതില്‍ പലതും ശിലാലിഖിതങ്ങളാണ്. എന്നാല്‍ കാനാന്‍ ദേശക്കാര്‍ ശിലാലിഖിതങ്ങള്‍ ഒന്നും അവശേഷിപ്പിച്ചിട്ടില്ല.
അതിനാല്‍ ഗവേഷകര്‍ അവരുടെ പ്രദേശങ്ങളില്‍ ഖനനം നടത്തി പഴയ അസ്ഥികൂടങ്ങളും മറ്റും കണ്ടെടുത്തു. ലബ്‌നാനിലെ സിദോന്‍ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ ഡസന്‍കണക്കിനു മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. അതില്‍ അഞ്ചുപേരുടെ ഡിഎന്‍എ കോശങ്ങളും ഗവേഷകര്‍ കണ്ടെത്തി. ഡിഎന്‍എ പഠനങ്ങള്‍ പറയുന്നത് ഇന്നത്തെ ലബ്‌നാന്‍കാര്‍ക്ക് പഴയ കാനാന്‍ ദേശക്കാരുമായി അടുത്ത ബന്ധമുണ്ടെന്നാണ്.  ഏതായാലും പഴയ കാനാന്‍ ദേശക്കാര്‍ മുച്ചൂടും നശിച്ചുവെന്ന് ബൈബിള്‍ പറയുന്നുവെങ്കിലും അവര്‍ അങ്ങനെ അപ്രത്യക്ഷരായില്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

RELATED STORIES

Share it
Top