കാനറികള്‍ക്ക് സ്വിസ്പൂട്ട്; ലോകകപ്പില്‍ പ്രമുഖ ടീമുകള്‍ വിയര്‍ക്കുന്നുറോസ്‌റ്റോവ്: റഷ്യന്‍ ലോകകപ്പിലെ കാനറികളുടെ ആദ്യ മല്‍സരം സമനിലയില്‍. അവസാന ലോകകപ്പിലെ നാണം കെട്ട തോല്‍വികള്‍ക്ക് റഷ്യയില്‍ കണക്കുപറയാന്‍ ബൂട്ടണിഞ്ഞ മഞ്ഞപ്പടയെ സ്വിറ്റ്‌സര്‍ലന്‍ഡ് 1-1 സമനിലയില്‍ തളയ്ക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി ഫിലിപ്പ് കോട്ടീഞ്ഞോ വലകുലുക്കിയപ്പോള്‍ സ്റ്റീവന്‍ സൂബറാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി വലകുലുക്കിയത്.
ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനക്കാരായ ബ്രസീല്‍ ആറാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ കരുതിത്തന്നെയാണ് ബൂട്ടണിഞ്ഞത്. ഗബ്രിയില്‍ ജീസസിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റില്‍ ടിറ്റെ ബ്രസീലിന് ബൂട്ടണിയിച്ചപ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെയിറങ്ങിയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ് തന്ത്രം മെനഞ്ഞത്. സൈഡ് വിങുകളിലൂടെ തുടക്കം മുതല്‍ ആക്രമണം നടത്തിയ ബ്രസീലിനെതിരേ പരുക്കന്‍ ശൈലിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തെടുത്തത്. നെയ്മറെ തുടക്കം മുതല്‍ ഫൗള്‍ ചെയ്ത വീഴ്ത്തി സ്വിസ് നിര ഒതുക്കിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. കോട്ടീഞ്ഞോയും വില്യനും നെയ്മറും ചേര്‍ന്ന് മികച്ച പല മുന്നേറ്റങ്ങളും ആദ്യ മിനിറ്റില്‍ കാഴ്ചവച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. 11ാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറക്കാന്‍ ബ്രസീലിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പൗലീഞ്ഞോയ്ക്ക് ലക്ഷ്യം കാണാനായില്ല. നെയ്മര്‍ മറിച്ചുനല്‍കിയ പന്ത് പിടിച്ചെടുത്ത് പൗലീഞ്ഞോ തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ഒടുവില്‍ 20ാം മിനിറ്റില്‍ കാനറിപ്പടയുടെ ആരാധകരെ ആവേശത്തിലാഴ്ത്തി ബ്രസീല്‍ അക്കൗണ്ട് തുറന്നു. ബോക്‌സിന് പുറത്ത് നിന്ന് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോട്ടീഞ്ഞോ തൊടുത്ത മിന്നല്‍ ഷോട്ട് മഴവില്ലഴകോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങി. ബ്രസീല്‍ 1-0 ന് മുന്നില്‍.
ഗോള്‍ വഴങ്ങിയതോടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി സ്വിസ് താരങ്ങള്‍ പന്ത് തട്ടിയതോടെ  ബ്രസീല്‍ താരങ്ങള്‍ പലതവണ മൈതാനത്ത് വീണു. ഗോള്‍ മടക്കാന്‍ ആദ്യ പകുതിയിലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ശ്രമങ്ങളെല്ലാം ബ്രസീലിന്റെ പ്രതിരോധം തടുത്തിട്ടതോടെ ആദ്യ പകുതിയില്‍ 1-0ന്റെ ആധിപത്യം ബ്രസീലിനൊപ്പം നിന്നു. ആദ്യ പകുതിയില്‍ 51 ശതമാനം പന്തടക്കിവച്ച ബ്രസീല്‍ അഞ്ച് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ രണ്ട് തവണ മാത്രമാണ് ബ്രസീല്‍ ഗോള്‍മുഖത്തേക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പന്തെത്തിച്ചത്.
രണ്ടാം പകുതിയില്‍ ഇരു ടീമും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. ആക്രമണം കൈവിടാതെ പന്ത് തട്ടിയ സ്വിസ് നിര 50ാം മിനിറ്റില്‍ സമനില പിടിച്ചു. കോര്‍ണര്‍കിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ സ്റ്റീവന്‍ സൂബര്‍ വലയിലെത്തിക്കുകയായിരുന്നു. 10 മിനിറ്റിനുള്ളില്‍ ബ്രസീല്‍ ടീമില്‍ മാറ്റം വരുത്തി. 60ാം മിനിറ്റില്‍ കാസമിറോയെ പിന്‍വലിച്ച് ഫെര്‍ണാണ്ടീഞ്ഞോയ്ക്കും 67ാം മിനിറ്റില്‍ പൗലീഞ്ഞോയെ പിന്‍വലിച്ച് അഗ്യൂസ്റ്റോയ്ക്കും 79ാം മിനിറ്റില്‍ ഗെബ്രിയേല്‍ ജീസസിനെ പിന്‍വലിച്ച് ഫിര്‍മിനോയ്ക്കും ടിറ്റെ അവസരം നല്‍കിയെങ്കിലും ബ്രസീലിന് ലീഡ് നേടാനായില്ല. ബ്രസീലിന്റെ വജ്രായുധമായ നെയ്മറിന് 11 തവണ ഫൗളുകള്‍ നേരിടേണ്ടി വന്നതോടെ മഞ്ഞപ്പടയുടെ രക്ഷകവേഷം കെട്ടാന്‍ താരത്തിന് സാധാച്ചില്ല. അവസാന മിനിറ്റുകളില്‍ ഇരുകൂട്ടരും ഗോളിനായി വിയര്‍ത്തെങ്കിലും ഫലമുണ്ടായില്ല. സ്വിസ് ടീമില്‍ അവാസാന മിനിറ്റുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് പ്രതിരോധകോട്ട ശക്തിപ്പെടുത്തിയതോടെ 1-1 സമനിലയോടെ ബ്രസീലിന് ബൂട്ടഴിക്കേണ്ടി വന്നു.
ഇതോടെ ഗ്രൂപ്പ് ഇയില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ബ്രസീലും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു. കോസ്റ്റാറിക്കയെ ഒരു ഗോളിന് കീഴ്‌പ്പെടുത്തിയ സെര്‍ബിയയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

RELATED STORIES

Share it
Top