കാനറികളെ എയ്ത് വീഴ്ത്താന്‍ ബെല്‍ജിയം; കസാനില്‍ ഇന്ന് ആവേശപോര്
മോസ്‌കോ: ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കിന്ന് ആഘോഷദിനമാണ്. റഷ്യന്‍ ലോകകപ്പിലെ ബ്രസീല്‍-ബെല്‍ജിയം ആവേശപ്പോരാട്ടത്തിന് കസാന്‍ അറീന സ്‌റ്റേഡിയം സാക്ഷിയാകും. ലോക ഫുട്‌ബോളിന്റെ ഓള്‍ടൈം ഫേവറിറ്റുകളായ ബ്രസീലും റഷ്യന്‍ മണ്ണിലെ കറുത്ത കുതിരകളായ ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍ മരണപ്പോരാട്ടം എന്നല്ലാതെ ഈ മല്‍സരത്തെ ആരാധകര്‍ക്ക് വേറെയെങ്ങനെ വിശേഷിപ്പിക്കാനാകും? നിലവില്‍ ലോക റാങ്കിങില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരാണ് ബ്രസീലും ബെല്‍ജിയവും. കടലാസിലെ കരുത്ത് ഇരു ടീമുകള്‍ക്കും കളത്തിലും ആവര്‍ത്തിക്കാനായാല്‍ കാഴ്ചക്കാരന് ഇന്നത്തെ മല്‍സരം സമ്മാനിക്കുക ആക്രമണ ഫുട്‌ബോളിന്റെ വിരുന്നു തന്നെയാകും.

ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട
ഫുട്‌ബോള്‍ മൈതാനത്തെ മഞ്ഞ നിറം ഒരു ജനത തങ്ങളുടെ വികാരമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അത് ബ്രസീല്‍ ടീം ആരാധകരാണ്. ഫുട്‌ബോളിനെ ഇത്രയും വൈകാരികമായി സമീപിക്കുന്ന വേറൊരു രാജ്യമില്ല. റഷ്യയിലേക്ക് ആദ്യം ടിക്കറ്റ് ഉറപ്പിച്ച ബ്രസീല്‍ തിരികെ വണ്ടി കയറുമ്പോള്‍ ലോകത്തെ മോഹിപ്പിച്ച ആ സുവര്‍ണ കപ്പ് ആറാം തവണയും നാട്ടിലെത്തിക്കുകയെന്ന സ്വപ്‌നം ടീമും ആരാധകരും ഒരുപോലെ കാണുന്നുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ മേല്‍വിലാസമറിയിച്ച യുവപട്ടാളമാണ് ബ്രസീലിന്റെ ഏറ്റവും വലിയ ശക്തി. താരങ്ങളില്‍ ഭൂരിഭാഗവും ലാലിഗയും പ്രീമിയര്‍ ലീഗും തുടങ്ങി മുന്‍നിര ക്ലബ് ടൂര്‍ണമെന്റുകള്‍ കളിച്ച അനുഭവസമ്പത്തും പ്രതിഭയുമുള്ളവര്‍. ചരിത്രത്തിലെല്ലാം ബ്രസീല്‍ ടീം ലോകകപ്പിന് എത്തുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഒരദ്ഭുതം സൂക്ഷിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നെയ്മറാണ് ആ അദ്ഭുത സൃഷ്ടിയെങ്കില്‍ റഷ്യയില്‍ ഫിലിപ്പെ കുട്ടീഞ്ഞോ എന്ന 26കാരനാണ്. ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് മഞ്ഞപ്പടയിലെ സൂപ്പര്‍ താരപരിവേഷം നെയ്മറിനും മാഴ്‌സലോക്കുമായിരുന്നു. എന്നാല്‍, കാല്‍പ്പന്താവേശം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഇവരേക്കാളെല്ലാം മുന്‍നിരയില്‍ കുട്ടീനോ എത്തിനില്‍ക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ വന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ സമനിലയോടെയാണ് തുടങ്ങിയത്. പ്രതിരോധ താരം മിറാന്‍ഡ സ്‌കോര്‍ ചെയ്ത മല്‍സരത്തില്‍ ബ്രസീല്‍ പക്ഷേ പേരിനൊത്ത പ്രകടനമല്ല കാഴ്ചവച്ചത്. മധ്യനിര പാളിച്ചകള്‍ ബ്രസീലിനു മനസ്സിലാക്കിക്കൊടുത്തു സ്വിസ് പടയ്‌ക്കെതിരേയുള്ള ഈ മല്‍സരം. പിഴവുകളില്‍ നിന്നു പഠിച്ച കാനറിപ്പട രണ്ടാം മല്‍സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയെ 2-0നു തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീനോയും ഗോളുകള്‍ നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ദുര്‍ബലരായ സെര്‍ബിയയെ കശാപ്പു ചെയ്താണ് പ്രീക്വാര്‍ട്ടറിലേക്ക് മഞ്ഞപ്പട യോഗ്യത നേടിയത്. ഒത്തിണക്കത്തോടെ ബ്രസീല്‍ നിര കളം നിറഞ്ഞ മല്‍സരത്തില്‍ കുട്ടീനോയും തിയാഗോ സില്‍വയും ഗോളുകള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയായിരുന്നു കാനറികളുടെ എതിരാളികള്‍. മധ്യനിര പിഴവുകള്‍ തലവേദന സൃഷ്ടിച്ച ബ്രസീലിനെ രക്ഷിച്ചത് പ്രതിരോധത്തിലെ മികവായിരുന്നു. അവശ്യസമയത്ത് നെയ്മറും റോബര്‍ട്ടോ ഫിര്‍മിനോയും ലക്ഷ്യം കണ്ടതാണ് മല്‍സരം ബ്രസീലിന് അനുകൂലമാക്കിയത്.

കരുത്തോടെ ബെല്‍ജിയം

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയോടെ മല്‍സരത്തെ സമീപിക്കുന്ന ടീമാണ് ബെല്‍ജിയം. ഗ്രൂപ്പ് ഘട്ടത്തിലെല്ലാം തോല്‍വിയറിയാതെയുള്ള മുന്നേറ്റം. ആധികാരികമായി ഓരോ മല്‍സരവും ബെല്‍ജിയം നിര വിജയം കൈയടക്കി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വിജയം. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരേ തോല്‍ക്കുമെന്നു തോന്നിച്ച മല്‍സരം അവസാന നിമിഷം കൈപ്പിടിയിലൊതുക്കിയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടാന്‍ ബെല്‍ജിയം തയ്യാറെടുക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ഊര്‍ജസ്വലമായ ടീമാണ് ബെല്‍ജിയം. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയാണ് ടീം ലോകകപ്പിനു യോഗ്യത നേടുന്നത്. 10 യോഗ്യതാ മല്‍സരങ്ങളില്‍ നിന്നു 43 ഗോളുകളാണ് ബെല്‍ജിയത്തിന്റെ ചുവപ്പന്‍ ചെകുത്താന്മാര്‍ അടിച്ചുകൂട്ടിയത്. അതായത് ഒരു മല്‍സരത്തില്‍ 4.3 ഗോളിന്റെ ശരാശരി! യോഗ്യതാ മല്‍സരത്തിലെ ഗോള്‍വേട്ട ബെല്‍ജിയം ലോകകപ്പിലും ആവര്‍ത്തിക്കുന്നു. 12 ഗോളുകളാണ് നാലു മല്‍സരങ്ങളില്‍ നിന്ന് ബെല്‍ജിയത്തിന്റെ ചെമ്പട ഇതുവരെ അടിച്ചുകൂട്ടിയത്. ഗോളടി മികവ് ഇന്നും തുടര്‍ന്നാല്‍ ബെല്‍ജിയത്തെ തളയ്ക്കാന്‍ ബ്രസീലിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. 2018 ലോകകപ്പില്‍ ഇതുവരെ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീമും ബെല്‍ജിയം തന്നെ. റൊമേലോ ലുക്കാക്കു, ഡി ബ്രൂയിന്‍, ഏദന്‍ ഹസാര്‍ഡ് തുടങ്ങിയ ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലായതും ബെല്‍ജിയത്തിനു സാധ്യത വര്‍ധിപ്പിക്കുന്നു. ജപ്പാനെതിരേയുള്ള അവസാന മല്‍സരത്തിലെ ആവേശകരമായ വിജയവും ബെല്‍ജിയത്തിന് കരുത്ത് പകരും.  ലോകകപ്പില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ബെല്‍ജിയം ബ്രസീലിനെ നേരിട്ടത്. ജപ്പാനില്‍ നടന്ന 2002 ലോകകപ്പ് മല്‍സരത്തില്‍ ബ്രസീല്‍ ബെല്‍ജിയത്തെ 2-0നു തകര്‍ത്തു.  മൂന്ന് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് മല്‍സരങ്ങളിലും ബ്രസീലിനായിരുന്നു ജയം. ലോകകപ്പ് കിരീടസാധ്യത കല്‍പിക്കുന്നവരാണ് ഇരു ടീമുകളും. ആക്രമണ ഫുട്‌ബോളിന്റെ രണ്ടു ശൈലികള്‍ ഇന്നു മൈതാനത്ത് ഇറങ്ങുമ്പോള്‍ മല്‍സരം ചൂടുപിടിക്കുമെന്നുറപ്പ്. കാത്തിരുന്നു കാണാം റഷ്യന്‍ ആവേശപ്പോരാട്ടത്തിലെ വിജയികളെ. ഇന്ത്യന്‍ സമയം രാത്രി 7നാണ് മല്‍സരം.

RELATED STORIES

Share it
Top