കാനത്തിന് കേരളാ കോണ്‍ഗ്രസ് ഫോബിയ ബാധിച്ചെന്നു വിമര്‍ശനം

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്കു തുറന്ന കത്തുമായി കേരളാ കോണ്‍ഗ്രസ്(എം). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരളാ കോണ്‍ഗ്രസ്സിനും കെ എം മാണിക്കുമെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് തുറന്ന കത്തയച്ചത്. സി അച്യുതമേനോനെപ്പോലെയുള്ള ഭരണാധികാരികള്‍ നാടിന്റെ പുരോഗതിയില്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണെന്നും കാനം രാജേന്ദ്രന്റെ കേരളാ കോണ്‍ഗ്രസ്സിനെതിരായ തുടര്‍ച്ചയായ ജല്‍പ്പനങ്ങള്‍ ഈ പാരമ്പര്യത്തെത്തന്നെ മലിനമാക്കുന്ന സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറയുന്നു.
ജനാധിപത്യസംവിധാനത്തില്‍ പരസ്പരം വിമര്‍ശിക്കാനും വിയോജിപ്പിന്റെ നിലപാടുകള്‍ സ്വീകരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ആലോചിച്ചിട്ടുപോലുമില്ലാത്ത എല്‍ഡിഎഫ് പ്രവേശനമെന്ന വിഷയം അതിവൈകാരികതയോടെ കാനം ആവര്‍ത്തിക്കുന്നതിനു പിന്നില്‍ മറ്റ് അജണ്ടകളാണ്. “കേരളാ കോണ്‍ഗ്രസ് ഫോബിയ’ ബാധിച്ച് നിലവിട്ട മട്ടില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രോശങ്ങളും ജല്‍പ്പനങ്ങളും കാനമെന്ന വ്യക്തിക്കു ചേരുമെങ്കിലും സിപിഐയുടെ സെക്രട്ടറി എന്ന പദവിക്കു ചേരുമോ എന്നത് സമ്മേളനപ്രതിനിധികള്‍ ചര്‍ച്ചചെയ്യുമെന്നു കരുതുന്നു.
ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയര്‍ത്തുന്ന ചടങ്ങുവരെ “കേരളാ കോണ്‍ഗ്രസ് വിരോധം’ മാത്രം ഛര്‍ദിക്കുന്ന കാനത്തിന്റെ യഥാര്‍ഥ ലക്ഷ്യം സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളുടെ ഗതി തിരിച്ചുവിടലാണ്. കാനം പാര്‍ട്ടിക്കകത്തു നടത്തുന്ന പടനീക്കങ്ങള്‍ക്കുള്ള മറയായി “കേരളാ കോണ്‍ഗ്രസ് ഭയം’ ഉപയോഗിക്കുന്നത് പ്രതിനിധികള്‍ തിരിച്ചറിയണം. പാര്‍ട്ടിക്കകത്തെ എതിര്‍ശബ്ദങ്ങളെ അരിഞ്ഞുവീഴ്ത്തി ഏകാധിപതിയെപ്പോലെയാണ് കാനം പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം സിപിഐ—ക്കുള്ളില്‍നിന്നുതന്നെ വരുന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിനെതിരേ നടത്തുന്ന വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ യഥാര്‍ഥ അജണ്ട വിഭാഗീയതയാണെന്നു തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പ്രവര്‍ത്തന പാരമ്പര്യമുള്ള എംഎല്‍എമാരെയൊക്കെ മാറ്റിനിര്‍ത്തി കാനം പ്രതിഷ്ഠിച്ച സ്വന്തം ഗ്രൂപ്പുകാരായ നാലു മന്ത്രിമാരും കേരളം കണ്ട “മഹാ പരാജയങ്ങള്‍’ ആണ് എന്നത് സിപിഐ സമ്മേളനങ്ങളില്‍ത്തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top