കാനത്തിന്റേത് ഏകാധിപത്യ ശൈലിയെന്ന് പൊതു ചര്‍ച്ചയില്‍ വിമര്‍ശനം

കെ   പി   ഒ  റഹ്്മത്തുല്ല
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രവര്‍ത്തന ശൈലി ഏകാധിപത്യ പരമാണെന്ന് സംസ്ഥാന സമ്മേളന പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. നിരന്തരം തന്നിഷ്ട പ്രകാരം അഭിപ്രായങ്ങള്‍ പറയുന്നതും ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതും മുന്നണിക്ക് ചേര്‍ന്നതല്ലെന്നും കൂട്ടുത്തരവാദിത്വമാണ് അതിലൂടെ നഷ്ടപ്പെടുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.
പാര്‍ട്ടിയിലെ അധികാരം മുഴുവന്‍ കാനവും രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും കൈയടക്കി വച്ചിരിക്കുകയാണ്. ഇത് ശരിയായ പ്രവണതയല്ല. സ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് ഉള്‍പ്പെടുന്ന ത്രീടയര്‍ സംവിധാനത്തില്‍ നിന്നും  സെക്രേട്ടറിയറ്റ് എടുത്തുകളഞ്ഞ് ടുടയര്‍ സംവിധാനമാക്കിയത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. എന്നാല്‍, അത്  വിപരീത ഫലം ചെയ്തു.  സ്റ്റേറ്റ് കൗണ്‍സില്‍ വളരെ കുറച്ചു മാത്രമാണ് കൂടിയിട്ടുള്ളത്. അതിനാല്‍, പാര്‍ട്ടിയിലെ അധികാരം  സെക്രട്ടറിയിലും അസിസ്റ്റന്റ് സെക്രട്ടറിമാരിലും കേന്ദ്രീകരിക്കുന്നു.
ഇത് പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാവുന്നതിന് തടസ്സമായി. കെ ഇ ഇസ്മയിലിനെതിരേ കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെതിരേ ഒമ്പത് ജില്ലകളിലെ പ്രതിനിധികള്‍  രംഗത്ത് വന്നു. പ്രവര്‍ത്തന റിപോര്‍ട്ട് വിതരണം ശരിയായില്ല. അവതരിപ്പിക്കാത്ത റിപോര്‍ട്ട് വിതരണം ചെയ്തത് പാര്‍ട്ടി രീതിക്കെതിരാണ്. ന്യൂനപക്ഷ സമുദായ അംഗങ്ങളെ ടാര്‍ജറ്റ് ചെയ്യുന്നുവെന്ന പൊതുവികാരം ശക്തമാണ്. സാംസ്‌കാരിക കലാ-ചലച്ചിത്ര മേഖലകളിലെ സര്‍ക്കാര്‍ കമ്മിറ്റികളില്‍ പാര്‍ട്ടിക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. പാവങ്ങള്‍ക്കുള്ള ഭൂമി വിതരണം, സൗജന്യ വീട് നിര്‍മാണത്തിനുള്ള ലൈഫ് മിഷന്‍ പദ്ധതി, പട്ടയ വിതരണം എന്നീ  സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുകള്‍ വലിയ ചര്‍ച്ചയായില്ല. കാനം രാജേന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ യശസ്സുയര്‍ത്തിയതായി തൃശൂരില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഇസ്മയിലിനെതിരേയുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് വിതരണം ചെയ്യേണ്ടതില്ലായിരുന്നുവെന്നും വായിച്ചാല്‍ മാത്രം മതിയായിരുന്നുവെന്നുമാണ് ആലപ്പുഴയിലെ പ്രതിനിധി പറഞ്ഞത്.
ത്രിപുരയിലെ ഭരണമാറ്റം ഫാഷിസത്തെ നേരിടാന്‍ പൊതുവേദി വേണമെന്ന സിപിഐ നിലപാടിനെ സാധൂകരിക്കുന്നതായി  പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ ചര്‍ച്ചയില്‍ 21  പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റിപോര്‍ട്ടും കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ടും പ്രതിനിധി സമ്മേളനം അംഗീകരിച്ചതായി അറിയിച്ചു.
കണ്‍ട്രോള്‍ കമ്മീഷന്റെ നിരീക്ഷണങ്ങളില്‍ പരാതിയുള്ളവര്‍ക്ക് കേന്ദ്ര കമ്മിറ്റിയെ സമീപിക്കാം. റിപോര്‍ട്ടിലെ കെ ഇ ഇസ്മയിലിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

RELATED STORIES

Share it
Top