കാനത്തിനെന്തേ ഐഎന്‍എല്‍ പ്രേമം?

അഡ്വ. എസ്  എ  കരീം

കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മിന്റെ പെട്ടിചുമക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ്. അവര്‍ വാ തുറക്കുന്നതു തന്നെ ഇടതു മുന്നണിയില്‍ അംഗമാക്കണമെന്ന് ആവശ്യപ്പെടാനാണ്. സിപിഎം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ എഴുന്നേറ്റ് തൊഴുതുനില്‍ക്കും. അവര്‍ക്ക് ഒന്നിനോടും പ്രതികരണമില്ല. മാണിയെ ഇടതു മുന്നണിയില്‍ കൂട്ടി അടിത്തറ വികസിപ്പിക്കണമെന്നാഗ്രഹിക്കുന്നത് സിപിഎം ആണ്. മാണി വന്നാല്‍ സിപിഐ പുറത്തുപോവും. ഇടതുമുന്നണിയില്‍ പ്രവേശനം കാത്തുനില്‍ക്കുന്ന ആരും കാനത്തിന് പിന്തുണയുമായി എത്തുന്നില്ല. അതിനാല്‍ തന്റെ ഒറ്റയാള്‍ പോരാട്ടത്തിന് സഹായിയാവാനും സഹകരിക്കാനുമായിരിക്കും നാഷനല്‍ ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കണമെന്ന് കാനം ആവശ്യപ്പെടുന്നത്.
നാഷനല്‍ ലീഗിന്റേത് ഒരു വേറിട്ട ചരിത്രമാണ്. 1992 ഡിസംബര്‍ 6നാണ് ഫാഷിസ്റ്റ് ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. അന്ന് മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും എംപിയുമായിരുന്നു സുലൈമാന്‍ സേട്ട്. കേരളത്തില്‍ യുഡിഎഫ് ഭരണം. ലീഗിനോട് യുഡിഎഫ് വിടാന്‍ സേട്ട് ആവശ്യപ്പെട്ടു. അത് അംഗീകരിക്കാന്‍ കേരള ലീഗ് തയ്യാറായില്ല. ആ സാഹചര്യത്തില്‍ സേട്ട് ലീഗ് വിട്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ്. ഇതിന് ഉപദേശങ്ങളും മറ്റും നല്‍കിയത് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തായിരുന്നു എന്നു കേട്ടിരുന്നു. അങ്ങനെ 1994 ഏപ്രില്‍ 24ന് ഡല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ നാഷനല്‍ ലീഗ് പിറന്നു. സിപിഎമ്മിന്റെ പരോക്ഷമായ ആശിര്‍വാദം അതിനുണ്ടായിരുന്നു.
തുടര്‍ന്ന് 1996ല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. സിപിഎം തോല്‍ക്കുന്ന ഏഴ് സീറ്റ് നാഷനല്‍ ലീഗിന് കൊടുത്തു. ഏഴിലും അവര്‍ തോറ്റ് തുന്നംപാടി. 1997ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നു. അവര്‍ ആരുടെയും പിന്തുണയില്ലാതെ അഞ്ച് സീറ്റില്‍ മല്‍സരിച്ചു. എല്ലാവരും തോറ്റു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2001ല്‍ ആയിരുന്നു. അന്നും ഇടതുപക്ഷ സ്വതന്ത്രന്‍മാരായി മല്‍സരിച്ചവരില്‍ പി എം എ സലാം മാത്രം ജയിച്ച് എംഎല്‍എയായി. ആ നില വളരെനാള്‍ തുടര്‍ന്നില്ല. ആ പദവിയുടെ ബലത്തില്‍ അദ്ദേഹം യൂനിയന്‍ ലീഗിലേക്ക് തിരിച്ചുപോയി. ഇതിനിടയില്‍ പല നേതാക്കളും അണികളും തറവാട്ടിലേക്കു തിരിച്ചുപോയ്‌ക്കൊണ്ടിരുന്നു. 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് നാഷനല്‍ ലീഗുകാര്‍ സിപിഎം സ്വതന്ത്രരായി മല്‍സരിച്ചു; തോറ്റു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നുപേര്‍ സിപിഎം സ്വതന്ത്രരായി മല്‍സരിച്ചു. കോഴിക്കോട്ട് മല്‍സരിച്ച എ പി വഹാബിനെ പോലും സിപിഎമ്മിനു ജയിപ്പിക്കാനൊത്തില്ല. അങ്ങനെയുള്ള നാഷനല്‍ ലീഗിനെ അംഗീകരിക്കണമെന്നാണ് കാനം ആവശ്യപ്പെടുന്നത്. മാണി കോണ്‍ഗ്രസ് കേരളത്തില്‍ ഉള്ളിടത്തോളം ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് ഒരു അടിത്തറയും ഉണ്ടാവാന്‍ പോവുന്നില്ല. കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും പിള്ള കോണ്‍ഗ്രസ്സും ലെനിനിസ്റ്റ് ആര്‍എസ്പിയും മുരടിച്ച പാര്‍ട്ടികളാണ്. സിപിഎമ്മിന് അതു നന്നായറിയാം. അതുകൊണ്ടാണ് അവര്‍ മാണി കോണ്‍ഗ്രസ്സിനെ വലവീശുന്നത്. കാനത്തിന് ശ്വാസമുള്ളിടത്തോളം സിപിഐ അത് അനുവദിക്കുകയില്ല. അതു സംഭവിക്കാതിരിക്കാനാണ് മാണി അഴിമതിക്കാരനാണെന്ന് കാനം പറഞ്ഞുനടക്കുന്നത്.
2014ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് സിപിഐ 87 ലക്ഷത്തില്‍പ്പരം രൂപയ്ക്ക് വിറ്റു എന്ന് ജനം പറയുന്നു. അതിനെതിരേ പ്രതികരിച്ചവരെ സിപിഐയില്‍ നിന്നു പുറത്താക്കി. ഇന്നത്തെ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയപ്പോള്‍ അദ്ദേഹം എന്‍സിപി സംസ്ഥാന പ്രസിഡന്റായി. തുടര്‍ന്ന് ഇടതുമുന്നണിയില്‍ ഘടകമാവാന്‍ ശ്രമം നടത്തി. സിപിഐ മുഴുവന്‍ ശക്തിയുമെടുത്ത് മുരളീധരന്റെ എന്‍സിപിയെ എതിര്‍ത്തു. ലീഡറുടെ പേരും പ്രശസ്തിയും പുത്രന്റെ പ്രവര്‍ത്തനവും സിപിഐയുടെ രണ്ടാംസ്ഥാനം തെറിപ്പിക്കുമെന്ന ഭയം കാരണമാണ് മുരളീധരനെ സിപിഐ എതിര്‍ത്തത്. അതേ നിലപാട് തന്നെയാണ് മാണി കോണ്‍ഗ്രസ്സിന് എതിരേയും കാനം ഉപയോഗിക്കുന്നത്.                     ി

RELATED STORIES

Share it
Top