കാനഡ: വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം

ടൊറോന്റോ: കാനഡയിലെ ടൊറോന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപ്പിടിത്തം. ടൊറോന്റോയിലെ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് 6.19ഓടെയായിരുന്നു അപകടം. വെസ്റ്റ് ജെറ്റ്, സണ്‍വിങ് വിമാനങ്ങളാണു കൂട്ടിയിടിച്ചതെന്നു ഗ്രേറ്റര്‍ ടൊറോന്റോ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാനജീവനക്കാര്‍ അടിയന്തരമായി ഇടപെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവാക്കാനായത്. ഇരുവിമാനക്കമ്പനികളുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇതുസംബന്ധിച്ച കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്റെ പിന്‍ഭാഗത്തിനു തീപ്പിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാന യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കി. വിമാനത്തിനു തീപ്പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സണ്‍വിങ് വിമാനത്തിനാണ് തീപ്പിടിച്ചതെന്നാണു റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടെന്നും യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ടൊറോന്റോ വിമാനത്താവളത്തില്‍ അഞ്ചു മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്തില്‍ ഒരു പോളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു. അന്നും ആളപായമൊന്നും സംഭവിച്ചിട്ടില്ല. അപകടത്തില്‍പെട്ട ഡബ്ല്യുഎസ് 2425, ബോയിങ് 737800 വിമാനങ്ങളില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 168 പേരാണ് ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top