കാത്തിരിപ്പിനൊടുവില്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത് മറ്റൊരാളുടെ മൃതദേഹം

കല്‍പ്പറ്റ: അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിനു പകരം വിമാനത്തില്‍ നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അബൂദബിയില്‍ മരണപ്പെട്ട അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിധിന്റെ(30) മൃതദേഹമാണ് മാറിപ്പോയത്. അബൂദബിയില്‍ മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്നലെ ബന്ധുക്കള്‍ക്കു ലഭിച്ചത്.
നിധിന്റെ മൃതദേഹം നിലവില്‍ അബൂദബിയിലാണുള്ളത്. ചെന്നൈ സ്വദേശിയുടെ മൃതദേഹം അമ്പലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലും. അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന നിധിന്‍ ജൂലൈ 5നാണു മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ വാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടു. അധികം വൈകാതെ അബൂദബിയില്‍ നിന്ന് മൃതദേഹം മാറിയെന്ന അറിയിപ്പു വന്നു. അബൂദബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്നു മനസ്സിലായത്. ചെന്നൈ സ്വദേശിയുടെ മൃതദേഹം മൈസൂരുവില്‍ വച്ച് കൈമാറാന്‍ ഇരുവരുടെയും ബന്ധുക്കള്‍ ആദ്യം ധാരണയിലെത്തിയെങ്കിലും നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം നടന്നില്ല. നിധിന്റെ മൃതദേഹം ഉടന്‍ തന്നെ നാട്ടിലേക്കയക്കുമോ എന്നു വ്യക്തമല്ല. നിധിന്‍ അവിവാഹിതനാണ്. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിതിന്‍.

RELATED STORIES

Share it
Top