കാണാതായ ബോട്ടും അഞ്ച് തൊഴിലാളികളെയും കണ്ടെത്തി

ബേപ്പൂര്‍: ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും ലക്ഷദ്വീപിലേക്ക് മല്‍സ്യബന്ധനത്തിനു പോയി കാണാതായ  കൃഷ്ണപ്രിയ എന്ന ബോട്ടും അഞ്ച് മല്‍സ്യത്തൊഴിലാളികളെയും കണ്ടെത്തി.  കൊച്ചിക്ക് സമീപം 30 നോട്ടിക്കല്‍ മൈല്‍ അകലെ ഉച്ചക്ക് 2 മണിയോടെയാണ് കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡ് കപ്പല്‍, ബോട്ടിനെയും തൊഴിലാളികളെയും കൊച്ചി ഹാര്‍ബറിലേക്ക് എത്തിക്കുവാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ബോട്ടിനെ കെട്ടിവലിച്ച് അര്‍ദ്ധരാത്രിയോടെ കൊച്ചി ഹാര്‍ബറില്‍ എത്തിക്കുമെന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ ഫ്രാന്‍സിസ് അറിയിച്ചു.
ആന്ത്രോത്ത് ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന കപ്പല്‍ ജീവനക്കാരാണ് ഉള്‍ക്കടലില്‍ ബോട്ട് ഒഴുകി നടക്കുന്ന വിവരം കോസ്റ്റ്ഗാര്‍ഡിനെ ആദ്യം അറിയിച്ചത്.
എന്‍ജിന്‍ തകരാറിലായതിനാല്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഉള്‍ക്കടലില്‍ ഒഴുകുകയായിരുന്നെന്നാണ് പ്രാഥമികവിവരം. അഞ്ചു തൊഴിലാളികളും സുരക്ഷിതരാണെന്നും വിവരമുണ്ട്.
സ്രാങ്ക് ഉള്‍പ്പെടെ ലക്ഷദ്വീപ് സ്വദേശികളായ അഞ്ച് മല്‍സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ സ്രാങ്ക് പി പി തത്തിച്ചമട, മുഹമ്മദ് മുസമ്മില്‍ (35), എ കെ സൈദ് കോയയുടെ മകന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (28), കണ്ണാത്തിമട വീട്ടില്‍ മുഹമ്മദ് ബഷീര്‍( 29), ചെട്ട പൊക്കട മുഹമ്മദ് അബ്ദുല്‍ റഹൂഫ്( 20 ),കടമത്ത് ദ്വീപ് സ്വദേശിയായ റിയാസ് മന്‍സിലില്‍ കെ പി റിയാസ് ഖാന്‍ (30 ) എന്നിവരെയാണ് ഇന്നലെ കാണാതായത് .
24 ന് ഉച്ചയോടെ മല്‍സ്യബന്ധനം കഴിഞ്ഞ് ബോട്ട് തിരിച്ചു ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തേണ്ടതായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനാല്‍ ബോട്ടുടമ പനക്കല്‍ സുഭാഷ് തൊഴിലാളികളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബോട്ടിലെ തൊഴിലാളികളുമായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധപ്പെടുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമ കോസ്റ്റ്ഗാര്‍ഡിലും ഫിഷറീസ് ഡയറക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു.
ലക്ഷദ്വീപ് സമുദ്രാതിര്‍ത്തിയിലെ ചെത്ത്‌ലത്ത് ദ്വീപില്‍ വെച്ചാണ് ബോട്ട് കാണാതായതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലുമായും ബന്ധപ്പെട്ട് തിരച്ചില്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബുധനാഴ്ച തന്നെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചെത്ത്‌ലത്ത് ദ്വീപ് സമുദ്രങ്ങളിലും ഉള്‍ക്കടലിലും പരിസരത്തും ഹെലിക്കോപ്റ്ററിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

RELATED STORIES

Share it
Top