കാണാതായ അച്ഛനെ തേടി പറക്കമുറ്റാത്ത മൂന്നു മക്കള്‍്

കാളികാവ്: അഞ്ചുമാസം മുമ്പ് കാണാതായ അച്ഛനെ തേടുകയാണ് പറക്കമുറ്റാത്ത മൂന്നു മക്കള്‍. കരയാന്‍ കണ്ണീരില്ലാതെ പ്രിയതമ നിഷയും. ഒരു ദിവസം രാവിലെ ബൈക്കുമെടുത്ത് പോയതാണ് ബിജുകുമാര്‍ എന്ന കുട്ടന്‍. പോവുമ്പോള്‍ ചെറിയ പനിയുമുണ്ട്. പിന്നീട് അദ്ദേഹത്തെ കണ്ടവരും കേട്ടവരുമായി ആരുമില്ല.
മാളിയേക്കല്‍ ചോദിയത്ത് ബിജുകുമാര്‍ (36) എന്ന കുട്ടന്റെ തിരോധാനത്തിന്റെ ചുരുളഴിയുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇദ്ദേഹത്തെ കാണാതായത്. രാത്രി വീട്ടിലെത്താത്തതിനാല്‍ പിറ്റേന്നുതന്നെ കാളികാവ് പോലിസില്‍ പരാതി നല്‍കി. പോലിസ് വിഷയത്തില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നാണ് നിഷ പറയുന്നത്. കാണാതായി എട്ടു മണിക്കൂര്‍ കുട്ടന്റെ മൊബൈല്‍ റിങ് ചെയ്തിരുന്നു. എന്നാല്‍, പോലിസ് ഈ രംഗത്ത് അന്വേഷണം നടത്തിയില്ല. കുടുംബങ്ങളോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചയോളം നാട്ടുകാരുടെ സഹായത്തോടെ കാടും മലയും തീര്‍ത്ഥാടന കേന്ദ്രങ്ങളും അരിച്ചുപൊറുക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പോലിസ് സുപ്രണ്ട് തുടങ്ങിയവര്‍ക്ക് നിവേദനവും നല്‍കി. പക്ഷേ, തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
ഇന്നലെ ചോക്കാട് ഗിരിജന്‍ കോളനിയിലെത്തിയ കുമ്മനം രാജശേഖരനെ കാണാന്‍ നിഷയും കുട്ടികളുമെത്തി. പൊട്ടിക്കരഞ്ഞ നിഷയുടെയും മക്കളുടെയും മുന്നില്‍ കണ്ടു നിന്നവര്‍ക്ക് ഉത്തരം മുട്ടി. ഗൃഹനാഥന്റെ തിരോധാനത്തോടെ പറക്കമുറ്റാത്തെ മക്കളെ എങ്ങനെ വളര്‍ത്തമെന്ന ആശങ്കയിലാണ് നിഷ.

RELATED STORIES

Share it
Top