കാട് വെട്ടിത്തെളിക്കവെ സ്‌ഫോടനം; ആദിവാസി യുവാവിനു പരിക്ക്

ഇരിട്ടി: യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കവെ സ്‌ഫോടനത്തില്‍ തൊഴിലാളിയായ ആദിവാസി യുവാവിനു പരിക്ക്. നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ എടക്കാനം ചേളത്തൂര്‍ മഞ്ഞ കാഞ്ഞിരം കോളനിയിലെ സുരേഷ് ബാബു(30)വിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10ഓടെ പുന്നാട് ടൗണിനടുത്ത കുളത്തിന് സമീപമായിരുന്നു സംഭവം. ഉളിയില്‍ നരയംപാറസ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ സുരേഷ് ബാബുവും സഹപ്രവര്‍ത്തകന്‍ ബാല കൃഷ്ണനും യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിത്തെളിക്കവെ സുരേഷ് ബാബുവിന്റെ സമീപത്തുനിന്നാണ് സ്‌ഫോടനമുണ്ടായത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാടുവെട്ട് യന്ത്രം പൂര്‍ണമായും തകര്‍ന്നു. ചീളുകള്‍ തെറിച്ചാണ് സുരേഷ് ബാബുവിന് പരിക്കേറ്റത്.സംഭവമറിഞ്ഞ് ഇരിട്ടി പോലിസ് സ്ഥലത്തെത്തി. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാട് വെട്ടുന്നതിനിടെ യന്ത്രം പടക്കത്തില്‍തട്ടി പൊട്ടിത്തെറിച്ചതാവാമെന്നാണ് പോലിസ് കരുതുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top