കാട്ടുമൂലയിലെ പട്ടിണിക്കൂരയില്‍ ജാനുവിന് നരകജീവിതം

കൂത്തുപറമ്പ്: കണ്ടാല്‍ ഏത് കഠിനഹൃദയന്റെയും കണ്ണ് നിറഞ്ഞുപോവും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തിലെ ഈ കാഴ്ച. സാമൂഹികക്ഷേമവും പൊതുജനാരോഗ്യവും തിലകക്കുറിയായി കൊണ്ടുനടക്കുന്ന മന്ത്രിയുടെ മണ്ഡലത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ് ഒരു വൃദ്ധജീവിതം.
മരങ്ങള്‍ നിറഞ്ഞ് കാടുപിടിച്ച പ്രദേശം. അതിനു നടുവില്‍ പൊളിഞ്ഞുകിടക്കുന്ന വീടിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മറച്ച കൂര. ചെറിയ കാറ്റടിച്ചാല്‍ പോലും നിലംപൊത്താന്‍ കാത്തുനില്‍ക്കുന്ന കൂരയില്‍ 70 വയസ്സ് പിന്നിട്ട കാരായി ജാനു തനിച്ചാണു താമസം. കൂത്തുപറമ്പ് നഗരസഭയിലെ മൂര്യാട് ചുള്ളിഭാഗത്താണ് അധികൃതരുടെ കരുണയ്ക്കായി ജാനു കാത്തിരിക്കുന്നത്. പത്തര സെന്റ് സ്ഥലത്ത് 35 വര്‍ഷം മുമ്പ് പണിത വീട് തകര്‍ന്നിട്ട് മൂന്നുവര്‍ഷമായി. ഇതോടെ ഇവരുടെ താമസം നിലംപൊത്താവുന്ന ഈ ഷെഡിലാണ്. വൈദ്യുതിത്തൂണ്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ മെഴുകുതിരിയാണ് ആശ്രയം. അടുപ്പിനരികെ പായ വിരിച്ച് അതിലാണ് കിടത്തം. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും തോട്ടില്‍ പോയി വെള്ളം കൊണ്ടുവന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കും. കാട്ടുപ്രദേശമായതിനാല്‍ ഇഴജന്തുക്കളെയും ഭയക്കണം. പെന്‍ഷനായി ലഭിക്കുന്ന തുച്ഛമായ തുകയാണ് ഏക ഉപജീവനമാര്‍ഗം. ഭര്‍ത്താവ് മരിച്ചിട്ട് കാലങ്ങളേറെയായി. മക്കളില്ലാത്ത ജാനുവിന് അഞ്ച്് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും മരണമടഞ്ഞു. ഇവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് ഈ സ്ഥലം.
വീടെടുക്കാന്‍ നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ അവകാശരേഖയില്ലാത്തതിനാല്‍ വീടെടുക്കാ ന്‍ കഴിയുന്നില്ല. നിയമപ്രശ്‌നങ്ങള്‍ കാരണം പ്രായത്തെ അവഗണിച്ചുപോലും ദിനേന നഗരസഭ കയറിയിറങ്ങുകയാണ് ഇവര്‍. കൂലിപ്പണിയെടുത്തിരുന്ന ഇവര്‍ പണി നിര്‍ത്തിയിട്ട് 10 വര്‍ഷമായി. പരസഹായമില്ലാതെ കഴിയുന്ന ജാനുവിന് ജനിച്ച മണ്ണില്‍ തന്നെ മരിക്കാനാണ് ആഗ്രഹം.

RELATED STORIES

Share it
Top