കാട്ടുപന്നി ശല്യം രൂക്ഷം ; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നുചെറുപുഴ: മലയോര മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം അതിരുക്ഷം. കൃഷി സംരക്ഷിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ കര്‍ഷകര്‍ക്കും വാഹനങ്ങള്‍ക്ക് നേരെയും പന്നികളുടെ ആക്രമണം വ്യാപകമായി. രണ്ടു മാസത്തിനിടെ പത്തിലേറെ കര്‍ഷകര്‍ക്കാണ് പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചെറുപുഴ, പെരിങ്ങോം വയക്കര, എരമംകുറ്റൂര്‍, ആലക്കോട്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ഉദയഗിരി പഞ്ചായത്തുകളിലാണ് പന്നികളുടെ ആക്രമണം രൂക്ഷമായത്. കപ്പ, ചേമ്പ്, ചേന, വാഴ, റബര്‍ തൈകള്‍, പച്ചക്കറി കൃഷികള്‍ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. മലയോരത്തെ ചെങ്കല്‍ പാറപ്രദേശത്തും കുറ്റിക്കാടുകളിലുമാണ് ഇവ താവളമാക്കിയത്. അടുത്ത കാലത്തായി വന്‍ തോതിലാണ് ഇവ പെരുകിയത്. കാട്ടിനുള്ളില്‍ വെള്ളവും തീറ്റയും കുറഞ്ഞതോടെയാണ് ഇവ കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ കാരണം. രാത്രി കാലങ്ങളില്‍വരുന്ന ഓട്ടോറിക്ഷകളെയും ഇരുചക്രവാഹനങ്ങളെയും ആക്രമിക്കുന്നതും പതിവാണ്. രാവിലെ റബര്‍ വെട്ടാന്‍ വരുന്ന കര്‍ഷകരെയും പന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് പതിവാണ്. നിരവധി വിദ്യാര്‍ഥികള്‍ക്കും പന്നി ആക്രമണത്തി ല്‍ പരിക്കേറ്റിരുന്നു. പന്നിക്കൂട്ടത്തെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് മലയോരത്തെ മിക്ക ഗ്രാമങ്ങളിലും. ചെറുപുഴ പഞ്ചായത്തിലെ അതിര്‍ത്തിയില്‍ പന്നിക്ക് പുറമെ ആനയും മറ്റ് മൃഗങ്ങളും കര്‍ണാടക വനത്തില്‍ നിന്നിറങ്ങി കൃഷി നശിപ്പിക്കുകയാണ്. ഇപ്പോള്‍ പട്ടാപ്പകലാണ് മൃഗങ്ങളുടെ ആക്രമണം. കര്‍ഷകരെ സഹായിക്കാ ന്‍ അടിയന്തരമായി ഇടപെടണമെന്നാണ് മലയോര ജനതയുടെ ആവശ്യം.

RELATED STORIES

Share it
Top