കാട്ടുതീ പ്രതിരോധം ഊര്‍ജിതമാക്കി വനംവകുപ്പ്‌

നിലമ്പൂര്‍: കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സേവ് പന്തിരായിരം കാംപയിന് തുടക്കമായി. എടവണ്ണ റെയ്ഞ്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ സംരക്ഷിത വനമേഖലയാണ് പന്തീരായിരം. മുന്‍ വര്‍ഷങ്ങളിലുണ്ടായ കാട്ടുതീ ഈ വനമേഖലയ്ക്ക് ഭീഷണിയായിരുന്നതിനാലാണ്  സേവ് പന്തിരായിരം പദ്ധതി ആവിഷ്‌കരിച്ചത്.
കഴിഞ്ഞ ദിവസം നിലമ്പൂര്‍ ഡിവിഷനല്‍ ഓഫിസില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ആദ്യപടിയായി ആദിവാസികള്‍ക്കും പ്രദേശത്തുകാര്‍ക്കും ബോധവല്‍ക്കരണം നല്‍കും. വന്യജീവികളുടെയും അത്യാപൂര്‍വ പറവകളുടെയും ആവാസകേന്ദ്രമായ ഈ വനമേഖല ഏറെ ജൈവസമ്പുഷ്ടമാണ്. സമുദ്രനിരപ്പില്‍ നിന്നു രണ്ടായിരം അടിയിലേറെ ഉയരത്തിലുള്ള ഈ വനമേഖല പുല്‍മേടുകള്‍ കൊണ്ട് സമ്പന്നമാണ്. ഇവിടെ നിന്നു ഉറവപൊട്ടുന്ന നീര്‍ചാലുകളാണ് ചാലിയാറിന്റെ പ്രധാന പോഷകനദികളായ കുറുവന്‍പുഴ, കാഞ്ഞിരപുഴ എന്നിവയെ വേനലിലും ജലസംമ്പുഷ്ടമാക്കുന്നത്.
2010ല്‍ എക്കോഫ്രണ്ട് എന്‍വോയ്‌മെന്റല്‍ ആക്്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനം വകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സേവ് പന്തിരായിരം കാംപയിന്‍ നടത്തിയിരുന്നു.
കാംപയിന്റെ ഭാഗമായി പാലങ്കയം ആദിവാസി കോളനിയില്‍ നടത്തിയ ബോധവല്‍ക്കരണം എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ സി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തംഗം പാലങ്കയം കൃഷ്ണന്‍കുട്ടി, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി സുനില്‍കുമാര്‍, സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി എന്‍ സജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം ശ്രിജിത്ത്, കെ അസ്‌കര്‍ മോന്‍, കെ അഹമ്മദ് സലീം, കോളനി സ്‌കൂള്‍ അധ്യാപിക കെ കല്ല്യാണി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പാലങ്കയം മുതുവാന്‍, പാലങ്കയം കാട്ടുനായ്ക്ക കോളനി, വെറ്റിലക്കൊല്ലി, അമ്പുമല കോളനികളിലെ കുടുംബങ്ങള്‍ പങ്കെടുത്തു.
വെറ്റിലക്കൊല്ലി കോളനിയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും ശേഖരിക്കുന്ന വനവിഭവങ്ങള്‍ വില്‍പ്പന നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താനും മുലേപ്പാടം ഔട്ട് പോസ്റ്റില്‍ ഫയര്‍ അലര്‍ട്ട് കണ്‍ട്രോള്‍ റൂം തുറക്കാനും യോഗത്തില്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top