കാട്ടുതീ: ട്രക്കിങ് താല്‍ക്കാലികമായി നിരോധിച്ച് വനംവകുപ്പ്

തിരുവനന്തപുരം: വനത്തിലേക്കുള്ള ട്രക്കിങും പ്രവേശനവും താല്‍ക്കാലികമായി നിരോധിച്ച് വനംവകുപ്പിന്റെ ഉത്തരവ്. തേനി കൊരങ്കണിയിലുണ്ടായ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ട്രക്കിങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നും വനംവകുപ്പ് അറിയിച്ചു.
ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും മുഖ്യ വനംമേധാവിയുമായ പി കെ കേശവനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതിനെത്തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്. തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി സങ്കേതങ്ങളും മറ്റ് സന്ദര്‍ശക കേന്ദ്രങ്ങളും അടച്ചിട്ടു. വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുജനങ്ങളെ ഇനി കാട്ടിലേ—ക്ക് പ്രവേശിപ്പിക്കില്ല. ആവശ്യമായ പരിശോധനകള്‍ നടത്തി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുനപ്രവേശനം അനുവദിക്കൂ. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരെയും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ സാധ്യതാമേഖലകള്‍, കാട്ടുതീ തടയുന്നതിനുള്ള മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി 15 മിനിറ്റുള്ള വിവരണം നല്‍കും. തീപ്പെട്ടി, ലൈറ്റര്‍, പുകയില ഉല്‍പ്പന്നങ്ങള്‍, തീയുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റെല്ലാ സാധനങ്ങള്‍ക്കും വനത്തില്‍ നിരോധനമുണ്ടാവും.
ഫയര്‍ലൈനുകള്‍ യഥാസമയം വൃത്തിയാക്കി കൂടുതല്‍ സുരക്ഷയൊരുക്കും. താല്‍ക്കാലിക വാച്ചര്‍മാര്‍ ഉള്‍പ്പെടെ വനംവകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും പി കെ കേശവന്‍ അറിയിച്ചു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാവാന്‍ തുടങ്ങിയത്.

RELATED STORIES

Share it
Top