കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു

വണ്ടിപ്പെരിയാര്‍: ജനവാസ മേഖലയായ വള്ളക്കടവ് എച്ച്പിസി മൂലക്കയം പുതുവലില്‍ ആനയിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. വീടുകള്‍ക്ക് മുന്നില്‍ വരെ ആന എത്തിയത് പ്രദേശത്ത് ഭീതി പരത്തി.  വ്യാഴാഴ്ച്ച രാത്രി 8 മണി മുതല്‍ കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ച ആന കൂട്ടങ്ങള്‍ വ്യാപകമായി കൃഷിയിങ്ങള്‍ നശിപ്പിച്ചു. വനപാലകരെത്തി ആനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ വരെ ആനകള്‍ നിലയുറപ്പിച്ചിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. മൂലക്കയം നാസര്‍, മുഹമ്മദ് കബീര്‍,  പത്തില്‍ വീട്ടില്‍ കുട്ടന്‍ സ്വാമി എന്നിവരുടെ കൃഷിയിടങ്ങളിലാണ്  കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. ഉദേശം നാലേക്കറോളം  കൃഷിഭൂമിയിലെ ഏലം, കൗവുങ്ങ്, എന്നീ കൃഷിവിളകള്‍ കാട്ടാന നശിപ്പിച്ചു. ഇതില്‍ നാസറിന്റെ കൃഷിയിടത്തിലാണ്   വ്യാപകമായ കൃഷി നാശം സംഭവിച്ചിരിക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. കൃഷിനശിപ്പിച്ച ശേഷം അളുകള്‍ താമസിക്കുന്ന വീടുകള്‍ക്ക് സമീപം നിലയുറപ്പച്ചെങ്കിലും ആളുകള്‍ ബഹളം വെച്ച് കാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് ആനയിറങ്ങി വീടുകള്‍ക്ക് സമീപത്ത് വരെ എത്തിയിരുന്നു. വനപാലകര്‍ രാത്രിയില്‍ പ്രദേശത്ത് പരിശോധന നടത്തുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട കൃഷിക്ക് ആനുപാതികമായ നഷ്ട പരിഹാരം നല്‍കുന്നതിനോ ആവശ്യമായ സുരക്ഷ സംവീധാനം ഏര്‍പ്പെടുത്തുന്നതിനോ അധികൃതര്‍ തയാറായിട്ടില്ലാ എന്നാണ് പ്രദേശവാസികളുടെ ആരോപണം.പെരിയാര്‍ നദിയില്‍ നീരൊഴുക്ക് ഇല്ലാത്തതിനാലാണ് എളുപ്പത്തില്‍ ജനവാസ മേഖലയില്‍ എത്താന്‍ കാരണം. ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ കൂട്ടമായി എത്തി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ മാസങ്ങള്‍ക്ക് മുന്‍പ് ആനയെ വനത്തിലേക്ക് ഓടിക്കാന്‍ പുകയ്ക്കല്‍ തന്ത്രവുമായി നാട്ടുകാര്‍ രംഗത്ത് ഇറങ്ങിയിരുന്നു വനപാലകരുടെ സഹായത്തോടെ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റി (ഇഡിസി) യുടെ നേതൃത്വത്തിലായിരുന്നു പുകയ്ക്കല്‍. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലത്ത് മുളക് കത്തിച്ച് എരിവുള്ള വത്തല്‍ കത്തിച്ചാല്‍ അസഹനീയമായ എരിവോടു കൂടിയ കുത്തല്‍ മൂലം ഈ പ്രദേശങ്ങളില്‍ ആന ഇറങ്ങില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ഈ പദ്ധതി വിജയം കണ്ടിരുന്നു.

RELATED STORIES

Share it
Top