കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി: ആറളം ഫാമില്‍ ആദിവാസി കുടുംബത്തിന്റെ കുടില്‍ തകര്‍ത്തു കാട്ടാന ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ ചവിട്ടിക്കൊന്നു. പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്ക് 55ലെ പരേതനായ കരിയാത്തന്റെ ഭാര്യ ദേവു (70) ആണു മരിച്ചത്. ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന മകള്‍ സുമ, സുമയുടെ മക്കളായ ശാലിനി, വിജിമോള്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. നാലു വയസ്സുകാരി വിജിമോള്‍ക്ക് പരിക്കേറ്റു.
ചവിട്ടേറ്റു മരിച്ച ദേവുവും ഒന്നര വയസ്സുകാരന്‍ ഉണ്ണിക്കുട്ടനും ഓടിരക്ഷപ്പെടാനാവാതെ ആന തകര്‍ത്ത കുടിലിനുള്ളില്‍ പെട്ടു. അതേസമയം ദേവുവിനെ ആശുപത്രിയിലെത്തിക്കാന്‍ വനപാലകരെ വിവരമറിയിച്ചിട്ടും രണ്ടു മണിക്കൂറിലധികം താമസിച്ചാണ് ഇവര്‍ എത്തിയതെന്നും സമയത്തിനു ചികില്‍സ ലഭിക്കാത്തതാണു മരണത്തിന് ഇടയാക്കിയതെന്നും ആദിവാസികള്‍ പറഞ്ഞു.
അര്‍ധരാത്രി 12ഓടെയാണു സംഭവം. സംഭവസ്ഥലത്തു നിന്ന് അരക്കിലോമീറ്റര്‍ മാത്രം അകലത്തിലാണ് പരിപ്പുതോട്ടിലെ വനപാലകരുടെ ക്വാര്‍ട്ടേഴ്‌സ്. വിവരമറിയിച്ചിട്ടും ഇപ്പോള്‍ എത്താന്‍ കഴിയില്ലെന്ന വിവരമാണു വനപാലകര്‍ അറിയിച്ചത്. കീഴ്പ്പള്ളിയിലെ ചതിരൂരില്‍ നിന്ന് ഫാമിലെ പുനരധിവാസ മേഖലയില്‍ കുടില്‍ കെട്ടി കുടിയേറിപ്പാര്‍ക്കുന്ന കുടുംബമാണു ദേവുവിന്റേത്. ഇവര്‍ക്ക് മുഴുവന്‍ പട്ടയം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ വാക്കുപാലിച്ചിട്ടില്ല.

RELATED STORIES

Share it
Top