കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കാളികാവ്: കാട്ടാനശല്യം രൂക്ഷമായി. ഇതുമൂലം വ്യാപക കൃഷിനാശമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല വള്ളിപ്പൂളയില്‍ നെല്ലിക്കരയില്‍ മാരൂര്‍ ബിജു തോമസിന്റെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കെഎസ്ആര്‍ടിസി കണ്ടക്ടറായ ബിജു ജോലിക്കിടെ ലഭിക്കുന്ന സമയത്താണ് കൃഷിയെ പരിപാലിക്കുക.
എന്നാല്‍, ഒരോ ദിവസം പിന്നിടുമ്പോഴും നെല്ലിക്കര വനമേഖലയിലൂടെ എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം ഫെന്‍സിങും തകര്‍ത്ത് എത്തിയ ആനകള്‍ കായ്ഫലമുള്ള അമ്പതോളം കവുങ്ങ്, പത്തോളം തെങ്ങ്, പന്ത്രണ്ട് ജാതിമരങ്ങള്‍, ടാപ്പിങ് നടക്കുന്ന നാല്‍പ്പത് റബര്‍, രണ്ട് വര്‍ഷം പ്രായമുള്ള ഇരുപത് റബര്‍ മരങ്ങള്‍ എന്നിവയാണ് നശിപ്പിച്ചത്.
നെല്ലിക്കരയില്‍ മലവെള്ള പാച്ചിലിനെയും വന്യമൃഗ ശല്യത്തെയും അവഗണിച്ച് നിരവധി കര്‍ഷകരാണ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍, വന്യമൃഗ ശല്യം കാരണം കര്‍ഷകര്‍ കൃഷിയെ കൈവിടേണ്ട അവസ്ഥയാണുള്ളതെന്നും കാട്ടാനകള്‍ കൃഷിസ്ഥലത്തെത്തുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ ആവശ്യമായ നടപടികള്‍ ഒരുക്കണമെന്നാണ് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top