കാട്ടാനശല്യം രൂക്ഷം; ഉടുമ്പൊയിലില്‍ കൃഷി നശിപ്പിച്ചു

എടക്കര: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ നിത്യസന്ദര്‍ശകരായതോടെ ഉടുമ്പൊയില്‍ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയില്‍. കരിയംമുരിയം വനത്തോടു ചേര്‍ന്നുള്ള പ്രദേശത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത്.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാട്ടാനകള്‍ തെങ്ങുകളും കമുകുകളും ഉഴുതു മറിച്ചിട്ടു കൊണ്ടിരിക്കുകയാണ്.
നാട്ടുകാര്‍ ബഹളം വച്ചിട്ടും ആനകള്‍ക്ക് പിന്‍മാറിയില്ല. ശനിയാഴ്ച രാത്രി ചുങ്കത്തറ ചീരക്കുഴി സ്വദേശി ചെമ്മല മുഹമ്മദ് ഹാജിയുടെ തോട്ടത്തിലെ ഏതാനും തെങ്ങുകളും കമുകുകളുമാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി സമീപത്തെ തോട്ടത്തിലും ആനക്കൂട്ടം നാശം വിതച്ചു. ഉടുമ്പൊയില്‍ ഭാഗത്ത് വനാതിര്‍ത്തിയില്‍ ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും വനം അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന്്് കര്‍ഷകര്‍ പറയുന്നു. ആനശല്യം തടയാന്‍ കര്‍ഷകരും നാട്ടുകാരും കാവല്‍ നിന്നിട്ടും ഫലമുണ്ടായിട്ടില്ല.

RELATED STORIES

Share it
Top