കാട്ടാനശല്യം; ആറളം ഫാമില്‍ ലക്ഷങ്ങളുടെ ഉല്‍പാദന നഷ്ടം

ഇരിട്ടി: കാട്ടാനശല്യത്തെ തുടര്‍ന്ന് ആറളം ഫാമിലെ 10 ഏക്കറോളം കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം ഫാമിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കശുവണ്ടി ഉല്‍പാദനത്തിന്റെ 80 ശതമാനവും പൂര്‍ത്തിയായിരിക്കെ തോട്ടം കാടുമൂടി കിടക്കുകയാണ്. ഫെബ്രുവരിയില്‍ കാട് തെളിക്കേണ്ടതായിരുന്നു.
ഫാം സെക്യൂരിറ്റി ഓഫിസിന് സമീപത്തെ അഞ്ചാം ബ്ലോക്കിന്റെ ഭാഗമായ തോട്ടത്തിലെ കശുവണ്ടിയാണ് കാട്ടില്‍ കിടന്ന് മുളക്കാന്‍ തുടങ്ങിയത്. കശുവണ്ടി ഉല്‍പാദനം സീസണ്‍ അവസാനിക്കാനിരിക്കെ ഇപ്പോഴും ആനയെ തുരത്തി തോട്ടം തെളിച്ചുകൊണ്ടിരിക്കുകയാണ്. കിലോയ്ക്ക് 150 രൂപ വരുന്ന കശുവണ്ടിയാണ് കാട്ടിനുള്ളില്‍ കിടക്കുന്നത്. ഫാമില്‍ ഫെബ്രുവരിയില്‍ ഉല്‍പാദനം തുടങ്ങി മെയ് ആദ്യവാരത്തോടെ 90 ശതമാനവും പൂര്‍ത്തിയാവും.500 ഹെക്റ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഫാമിലെ കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ നല്‍കുകയാണു പതിവ് .
കശുമാവ് തളിരിടാന്‍ തുടങ്ങുമ്പോള്‍ തന്നെ കാട് തെളിക്കലും ആരംഭിക്കും . ഇത്തവണ ഫാം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സാമ്പത്തിക പ്രതിസന്ധിയും കരാര്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കി. വിവിധ ബ്ലോക്കുകള്‍ കരാറടിസ്ഥാനത്തില്‍ നല്‍കിയപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചു. പല ബ്ലോക്കുകളിലും ഉല്‍പാദനം ആരംഭിച്ച ശേഷമാണ് കാട് തെളിക്കാന്‍ തുടങ്ങിയത്. കാറെടുത്തവര്‍ പാതിവഴിക്ക് ഉപേക്ഷിച്ചതും പ്രതിസന്ധിയുണ്ടാക്കി. അഞ്ചാം ബ്ലോക്കില്‍ താവളമാക്കിയ നാല് ആനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. പല തവണ കാടുവെട്ടാന്‍ എത്തിയപ്പോഴും തൊഴിലാളികള്‍ ആനയെക്കണ്ട് ഭയന്നോടുകയായിരുന്നു. കരാറെടുത്തവര്‍ പിന്‍മാറിയതോടെ ഫാമിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ കാട് വെട്ടുന്നത്. കഴിഞ്ഞ ദിവസം ആന എത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഭയന്നോടി. ഭക്ഷണപാത്രങ്ങളും മറ്റും ആന ചവിട്ടിയുടച്ചു. വേനല്‍മഴ എത്തിയതോടെ കാട്ടിനുള്ളില്‍നിന്ന് പെറുക്കിയെടുക്കാന്‍ പറ്റാത്ത കശുവണ്ടി മുളച്ചുപൊന്തുകയാണ്. എന്നാല്‍, ആന ഭീഷണിയുണ്ടായിട്ടും കാട്ടിനുള്ളില്‍നിന്ന് അണ്ടി ശേഖരിക്കുന്നുണ്ടെന്നാണ് ഫാം അധികൃതരുടെ വിശദീകരണം.

RELATED STORIES

Share it
Top