കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ കര്‍ഷകന് വീണ് പരിക്കേറ്റു

സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടോടിയ കര്‍ഷകന് വീണു പരിക്കേറ്റു. വടക്കനാട് കഥങ്ങത്ത് വിശ്വനാഥനാണ് പരിക്കേറ്റത്.
ഇയാള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞദിവസം രാത്രി 12ഓടെയാണ് സംഭവം. ആന കൃഷിയിടത്തിലിറങ്ങിയതു ശ്രദ്ധയില്‍പ്പെട്ട വിശ്വനാഥനും പ്രദേശവാസികളായ പൂതിയോണി പ്രേമന്‍, ബിനുരാജ്, പുളിയാടി വിശ്വനാഥന്‍, ജയരാജന്‍ എന്നിവരും ചേര്‍ന്ന് ഓടിക്കാന്‍ ശ്രമിച്ചു. ഇതോടെ കാട്ടാന ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെട്ടോടുന്നതിനിടെ തലയ്ക്കും കാലിനും മുഖത്തുമാണ് വിശ്വനാഥന് പരിക്കേറ്റത്. ഭാഗ്യംകൊണ്ടു മാത്രമാണ് താനും മറ്റുള്ളവരും രക്ഷപ്പെട്ടതെന്നും റേഡിയോകോളര്‍ ഘടിപ്പിച്ച ആനയാണ് തങ്ങളെ ഓടിച്ചതെന്നും വിശ്വനാഥന്‍ പറഞ്ഞു. സ്ഥിരമായി ആന വടക്കനാട് മേഖലയില്‍ രാത്രികാലങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്നുണ്ട്. ഇതിനെതിരേ വടക്കനാട് ഗ്രാമസംരക്ഷണ സമിതി രണ്ടാംഘട്ട നിരാഹാരസമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.

RELATED STORIES

Share it
Top