കാട്ടാനയുടെ ആക്രമണം പരിക്കേറ്റയാള്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് മതിയായ ധനസഹായം ലഭിച്ചില്ലെന്നു പരാതി. ഈ മാസം മൂന്നിന് പുല്‍പ്പള്ളി ജയശ്രീ കോളജില്‍ പഠിക്കുന്ന മകളെ കൂട്ടാനെത്തിയപ്പോഴാണ് പാക്കത്ത് വെളുകൊല്ലിയില്‍ വച്ച് ചൈന്തയില്‍ വിഷ്ണുപ്രകാശിനെ ആന ആക്രമിച്ചത്. മകളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇതിനകം തന്നെ 50,000 രൂപയോളം ചെലവായി. ഭാര്യ രാജലക്ഷ്മി ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. മകന്‍ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന വരുമാനമാണ് ഏകമാര്‍ഗം. പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ മകനും വിദ്യാര്‍ഥിനിയായ മകളും ചേര്‍ന്നാണ് പിതാവിനെ നോക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആകെ നല്‍കിയത് 10,000 രൂപമാണ്. ജില്ലാ കലക്ടര്‍ 5000 രൂപയും നല്‍കി.
ഇനിയും വിദഗ്ധ ചികില്‍സ അനിവാര്യമാണ്. ഇതിനായി കോഴിക്കോട് പോവേണ്ട അവസ്ഥയാണ്. എന്നാല്‍, ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികില്‍സയ്ക്ക് സാമ്പത്തിക പരാധീനത അനുവദിക്കുന്നില്ല. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top