കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നു

സ്വന്തം പ്രതിനിധി

വണ്ടിപ്പെരിയാര്‍: ജനവാസ കേന്ദ്രത്തിനു പിന്നാലെ വള്ളക്കടവ് വഞ്ചിവയല്‍ ആദിവാസി കോളനിയിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കാട്ടാനകള്‍ കൂട്ടമായി എത്തുന്നതോടെ ഭീതിയൊഴിയാതെ വള്ളക്കടവ് വഞ്ചിവയല്‍ ആദിവാസി കോളനി നിവാസികള്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിനുള്ളിലാണ് കോളനിക്കാര്‍ താമസിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രി സമയങ്ങളില്‍ ഒരു കൊമ്പനും മൂന്നു കുട്ടിയാനകളടക്കം നാല് ആനകളാണ് ഇവരുടെ കുടികള്‍ക്ക് സമീപമെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കൃഷിയിടത്തിലെ കവുങ്ങ്, തെങ്ങ്, വാഴ, മുളക് എന്നീ കൃഷികള്‍ നശിപ്പിച്ചു. ഇതിനുപുറമെ വന്യജീവികളുടെ ശല്യവും പ്രദേശത്ത് കുടുതലാണ്. കാട്ടാന, കുരങ്ങ് തുടങ്ങിയവ ഈ മേഖലകളില്‍ വ്യാപകമായി എത്തി കൃഷി നശിപ്പിച്ചിരുന്നു. രാത്രികാലത്താണ് കാട്ടാനകള്‍ വ്യാപകമായി എത്തുന്നത്.  മാസങ്ങള്‍ക്ക് മുമ്പും ഈ പ്രദേശത്ത് കാട്ടാനകള്‍ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനകള്‍ വ്യാപകമായി ജനവാസ മേഖലകളില്‍ എത്തുന്നതോടെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വനംവകുപ്പില്‍ വിവരം അറിയിക്കുമെങ്കിലും ആരുംതന്നെ എത്താറില്ല എന്നും ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട വിളകള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം വനംവകുപ്പ് നല്‍കാത്തതും കൃഷിക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. 81 കുടുംബങ്ങളാണ് ആദിവാസി കുടിയില്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനവാസ കേന്ദ്രമായ തങ്കമലയിലും വഞ്ചിവയല്‍ ആദിവാസിക്കുടിക്കും സമീപത്തായി വനംവകുപ്പ് 15 ലക്ഷത്തോളം രൂപ മുടക്കി വൈദ്യുതി ഫെന്‍സിങ് സ്ഥാപിച്ചെങ്കിലും ഫലപ്രദമായില്ല. നാട്ടുകാര്‍ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയാണ് ആനക്കൂട്ടത്തെ ഓടിക്കുന്നത്.  പെരിയാര്‍ നദിയില്‍ നീരൊഴുക്ക് ഇല്ലാത്തതിനാലാണ് എളുപ്പത്തില്‍ ജനവാസ മേഖലയില്‍ എത്താന്‍ കാരണം. ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ കൂട്ടമായി എത്തി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആനയെ വനത്തിലേക്ക് ഓടിക്കാന്‍ പുകയ്ക്കല്‍ തന്ത്രമാണ് നാട്ടുകാര്‍ പ്രയോഗിക്കുന്നത്.  വള്ളക്കടവ്, മൂലക്കയം പ്രദേശത്ത് വനപാലകരുടെ സഹായത്തോടെ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റി (ഇഡിസി) യുടെ നേതൃത്വത്തില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലത്ത് മുളക് കത്തിച്ച് പുകയ്ക്കുകയാണ് പ്രദേശവാസികള്‍. എരിവുള്ള വറ്റല്‍മുളക് കത്തിച്ചാല്‍ അസഹ്യമായ എരിവോടുകൂടിയ കുത്തല്‍ മൂലം ഈ പ്രദേശങ്ങളില്‍ ആന ഇറങ്ങില്ല എന്നാണ് ഇവര്‍ പറയുന്നത്.

RELATED STORIES

Share it
Top