കാട്ടാനപ്പേടിയില്‍ രണ്ടാംദിനം: കാവശ്ശേരി, തരൂര്‍ മേഖല ഭീതിയില്‍

ആലത്തൂര്‍: നാട്ടിലേക്കിറങ്ങിയ കാട്ടാന രണ്ടാംദിവസം കാവശ്ശേരി, തരൂര്‍ പഞ്ചായത്തുകളിലെ ജനവാസമേഖലയിലെത്തി. കഴിഞ്ഞദിവസം മാത്തൂര്‍ മന്ദംപുള്ളിയിലെത്തിയ കാട്ടാനയും കുട്ടിയാനയുമാണ് ബുധനാഴ്ച പുലര്‍ച്ചയോടെ ആറാപ്പുഴ ഭാഗത്തേക്ക് എത്തിയത്.
മന്ദംപുള്ളിയില്‍ ചൊവ്വാഴ്ച വനപാലകര്‍ കാടുകയറ്റാന്‍ ശ്രമിച്ച ആനകള്‍ തന്നെയാണ് പുലര്‍ച്ച രണ്ടരയോടെ മലഞ്ചിറ്റി വഴി തരൂര്‍, കാവശ്ശേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ആറാപ്പുഴ തോലമ്പുഴയ്ക്ക് സമീപമുള്ള കാട്ടില്‍ നിലയുറപ്പിച്ചത്.
രണ്ടുദിവസമായി ജനവാസ മേഖലയിലിറങ്ങിയ ആന ഉച്ചവരെ ഈ കാട്ടില്‍ തമ്പടിച്ചു നിന്നു.  ഉച്ചയോടെ  വനംവകുപ്പും, പോലിസും ആനയെ തിരിച്ചു വന്നവഴി മടക്കികൊണ്ടുപോവാനുള്ള ശ്രമം ആരംഭിച്ചു. പകല്‍ സമയത്ത് പടക്കംപൊട്ടിച്ച് ആനകളെ തിരിച്ചുകയറ്റുന്നത് പ്രായോഗികമല്ലാതിരുന്നിട്ടും വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് ആനയെ ഈ ഭാഗത്തു നിന്ന് മാറ്റാന്‍ ശ്രമം നടത്തി. തുടര്‍ന്ന് വെങ്ങന്നൂര്‍ ഞരങ്ങാന്‍പാറയിലേക്ക് നീങ്ങിയ ആനയും കുട്ടിയും വൈകുന്നേരത്തോടെ എരിമയൂര്‍ മരുതംതടം പടേറ്റിക്ക് സമീപമുള്ള കാട്ടില്‍ നിലയിറുപ്പിച്ചിരിക്കുകയാണ്. പടേറ്റിയില്‍ നിന്നും മലയപ്പൊതി മലഞ്ചിറ്റി വഴി മുണ്ടൂര്‍ അയ്യര്‍മലയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമമാണ് രാത്രി വൈകിയും നടത്തുന്നത്.
ഇതിന് ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നാണ് നിഗമനം. ജനവാസമേഖലയായതിനാലും കാട്ടാനയെ കാണാനുള്ള ആള്‍ക്കൂട്ടവും വനം വകുപ്പിന്റെയും പോലിസിന്റെയും ജോലികള്‍ക്ക് തടസ്സമായി. ആന നില്‍ക്കുന്ന എരിമയൂര്‍ പടേറ്റിയുടെ താഴ്ഭാഗം ജനവാസമേഖലയും മുകളില്‍ മലയപ്പൊതി കാടുകളുമാണുള്ളത്. ഇവിടെയാണ് വനംവകുപ്പും പോലിസും ക്യാംപ് ചെയ്യുന്നത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

RELATED STORIES

Share it
Top