കാട്ടാനക്കൂട്ടം കൃഷിഭൂമിയില്‍; ഭീതിയോടെ ജനം

വാണിമേല്‍: കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതായി അറിയിച്ചിട്ടും വനം ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. അഞ്ചാം ദിവസവും കൃഷിയിടത്തില്‍ തന്നെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷി നശിപ്പിച്ചു. ആറ് ആനയും ഒരു കുട്ടിയാനയുമടങ്ങിയ സംഘം കൃഷിഭൂമി ചവിട്ടിമെതിച്ചിട്ടിരിക്കുകയാണ്. കണ്ണവം വനത്തില്‍ നിന്നാണ് ആനക്കൂട്ടം ചിറ്റാരിചന്ദന ത്താം കുണ്ടിന് സമീപമെത്തിയത്. ആഞ്ഞിലിമൂട്ടില്‍ അമ്മിണിയുടെ പറമ്പിലാണ് കഴിഞ്ഞ ദിവസം വരെ ആന ഉണ്ടായിരുന്നത്. ഇന്നലെ അവിടെ നിന്നും ആനക്കൂട്ടം മറ്റൊരിടത്തേക്ക് മാറിയിട്ടുണ്ട്.
വനത്തിനകത്തേക്ക് തിരിച്ചുപോയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ രണ്ട് താത്ക്കാലിക വാച്ചര്‍മാര്‍ പരിസരത്ത് വന്നിരുന്നു. ആയുധങ്ങളോ വാഹന മോ ഇല്ലാതെ എത്തിയ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. തങ്ങള്‍ക്കും ജീവഭയമുണ്ടെന്നാണത്രെ അവര്‍ നാട്ടുകാരോട് പറഞ്ഞത്. മീത്തലെ നാളോഞ്ചാലില്‍ അബ്ദുല്ല ഹാജി, ഞണ്ണയില്‍ അശോകന്‍, പാനൂര്‍ തുവ്വക്കുന്നുമ്മല്‍ സ്വദേശി ഉസ്മാന്‍ ഹാജിയുടെ റബ്ബര്‍ തോട്ടം, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍ , ആനക്കൂട്ടം കയറിയ അബ്ദുല്ല ഹാജിയുടെയും അശോകന്റെയും ഭൂമി ആകെ കിളച്ചു മറിച്ചിട്ട അവസ്ഥയിലാണ്. അശോകന്റെ പറമ്പിലെ കുലച്ചു നില്‍ക്കുന്ന ഒരു തെങ്ങ് കടപുഴക്കിയിട്ടിട്ടുണ്ട്. അമ്മിണിയുടെ പറമ്പിലും ഇതേ സ്ഥിതിയാണ്.
ആനക്കൂട്ടത്തെ വനത്തില്‍ നിന്നും താഴെ ജനവാസ കേന്ദ്രത്തില്‍ എത്താതിരിക്കാന്‍ നാട്ടുകാര്‍ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. ഇക്കാര്യം വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ ചിറ്റാരിപ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top