കാട്ടാനകളെ തടയാന്‍ ഉരുക്കുവടം വേലി നിര്‍മിക്കുന്നു

മാങ്കുളം: കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ ആനക്കുളത്തു വനംവകുപ്പ് ആവിഷ്‌കരിച്ച ക്രാഷ് ഗാര്‍ഡ് റോപ് വേലി നിര്‍മാണം പുരോഗമിക്കുന്നു.
കോണ്‍ക്രീറ്റ് ചെയ്ത കാലില്‍ ഉരുക്കുവടം കെട്ടിയാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതു തടയാനുള്ള വേലി നിര്‍മിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള വേലി നിര്‍മിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 50 ലക്ഷം രൂപ ചെലവഴിച്ചാണു നിര്‍മാണം. ആനക്കുളം പുഴയോരത്ത് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കു പ്രവേശിക്കാറുള്ള വല്ലാര്‍കുട്ടി ഭാഗത്താണ് ഇപ്പോള്‍ 1200 മീറ്റര്‍ ദൂരത്തില്‍ വേലി നിര്‍മിക്കുന്നത്. 300 കോണ്‍ക്രീറ്റ് കാലുകളിലായിട്ടാണ് വേലി നിര്‍മിച്ചത്. ആനക്കുളം ഈറ്റച്ചോലയാറ്റിലെ ഓരില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ പ്രവേശിച്ച് വാഴയും തെങ്ങും നശിപ്പിക്കുന്നതു വ്യാപകമായിരുന്നു. വേലി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതു തടയാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് അധികൃതരും കര്‍ഷകരും.
സാധാരണ വൈദ്യുത വേലിയാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ കയറുന്നതു തടയുന്നതിനായി നിര്‍മിച്ചിരുന്നത്. എന്നാല്‍, വന്‍മരങ്ങള്‍ പിഴുതിട്ട് വൈദ്യുത വേലികള്‍ നശിപ്പിച്ച് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് ഉരുക്കുവടം ഉപയോഗിച്ചുള്ള വേലി വനംവകുപ്പ് ആവിഷ്‌കരിച്ചത്.

RELATED STORIES

Share it
Top