കാട്ടറിവുകള്‍ അന്യമായി കാടിന്റെ മക്കള്‍

റജീഷ് കെ സദാന്ദന്‍

മഞ്ചേരി: കാടിന്റെ മക്കള്‍ക്ക് കാട്ടറിവുകള്‍ അന്യമാവുന്നു. പരമ്പരാഗത അറിവുകള്‍ ആദിവാസികള്‍ക്കിടയില്‍ വന്‍തോതില്‍ അന്യംനില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയിലെ സി വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് നടത്തിയ പഠനത്തിലാണ് പ്രകൃതിദത്തമായ നിരീക്ഷണങ്ങളിലൂടെ ആദിവാസികളാര്‍ജിച്ച അറിവുകള്‍ നഷ്ടമാവുന്നതായി തെളിഞ്ഞിരിക്കുന്നത്.
പരമ്പരാഗതമായി കൈമാറിവന്ന അറിവുകളായിരുന്നു ആദിമ ഗോത്ര വര്‍ഗക്കാരുടെ ജീവിത ക്രമത്തിന്റെ മുഖ്യ ഘടകം. ഭക്ഷണവും ചികില്‍സയും ആവാസവും ക്രമപ്പെടുത്തിയ അറിവില്‍ ആധുനിക സമൂഹത്തിന്റെ ഇടപെടലും വനവാസികളെ അവരുടെ തനതു രീതിയില്‍നിന്നു മാറ്റി നാട്ടു സമൂഹത്തിന്റെ ഭാഗമാക്കാന്‍ നടത്തിയ നീക്കവും പരമ്പരാഗത ശൈലിയെ തകര്‍ത്തതായാണ് വിലിയിരുത്തല്‍. നിലവിലുള്ള ആദിമ ഗോത്ര വര്‍ഗക്കാരില്‍ വന്‍തോതിലാണ് അറിവിന്റെ കൈമോശം സംഭവിക്കുന്നത്. കുറിച്യര്‍, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, പണിയര്‍, ഇരുളര്‍, കുറുമ്പര്‍, കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്ന അറിവുകളില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടു.
ഇതില്‍ കുറുമ്പര്‍, കുറിച്യര്‍ വിഭഗങ്ങള്‍ക്ക് 50 ശതമാനം അറിവുകള്‍ നഷ്ടമായതായാണ് കണ്ടെത്തല്‍. കാട്ടുനായ്ക്കര്‍, കാണി വിഭാഗങ്ങള്‍ക്ക് 45 ശതമാനംവരേയും ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങള്‍ക്ക് 33 ശതമാനവും അറിവുകള്‍ അന്യമായിട്ടുണ്ടെന്ന് സി വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് മേധാവി ഡോ ജയശങ്കര്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നു.

RELATED STORIES

Share it
Top