കാടു കാക്കാന്‍ ഇനി പെണ്‍പടയും

കാളികാവ്: വനം കാക്കാന്‍ പെണ്‍പട പരിശീലനം തുടങ്ങി. വനവും വനവിഭവങ്ങളും ഒപ്പം വന്യജീവികളെയും കാക്കാന്‍ ഒമ്പതംഗ വനിതാവനപാലക സംഘം തീവ്ര പരിശീലനത്തിലാണ്. നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പ്രൈമറി ഇന്‍ഡക്്ഷന്‍ പ്രോഗ്രാം എന്ന പേരില്‍ ബിഎഫ്ഒമാരുടെ പരിശീലനം നടക്കുന്നത്. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് വനമേഖലയില്‍ ഒരാഴ്ചക്കാലം ഇവര്‍ക്ക് വിവിധ തലത്തില്‍ പരിശീലനം നല്‍കും. ഉള്‍വനത്തിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതും പരിശീലനത്തിന്റെ ഭാഗമാണ്. ആറ് വനിതകളും മൂന്ന് പുരുഷന്‍മാരുമാണ് ചിങ്കക്കല്ല് വനത്തില്‍ പരിശീലനം ആരംഭിച്ചത്. കാളികാവില്‍ സ്ഥിതി ചെയ്യുന്ന കരുവാരകുണ്ട് ഫോറസ്റ്റ് സ്‌റ്റേഷനു കീഴിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ചിങ്കക്കല്ലില്‍ സൈലന്റ് വാലി ബഫര്‍ സോണ്‍ പരിധിയിലെ ഔട്ട് പോസ്റ്റിനു സമീപത്തുള്ള ആദിവാസി കോളനി കേന്ദ്രീകരിച്ചാണ് ഇവര്‍ സൗഹൃദ ഭവന സന്ദര്‍ശനമടക്കമുള്ള പരിശീലനം പൂര്‍ത്തിയാക്കേണ്ടത്. മൂന്നു മാസക്കാലത്തെ പോലിസ് പരിശീലനവും ആറു മാസം നീളുന്ന ഫോറസ്റ്ററി പരിശീലനവും കൂടി പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സംസ്ഥാനത്തെ കരുതല്‍ വനപാലക സേനയുടെ ഭാഗമാവും. വനമേഖലയിലെ ആദിവാസികളെ ലക്ഷ്യംവച്ച് ഊരുകളിലെത്തി സ്റ്റഡി ക്ലാസുകളും മറ്റും നടത്തുന്ന മാവോവാദി പ്രവര്‍ത്തനം സജീവമായ സാഹചര്യത്തില്‍ ആദിവാസികളുമായി കൂടുതല്‍ സൗഹൃദം പങ്കിടുന്ന പുതിയ പരിശീലന രീതി താല്‍പര്യത്തോടെയാണ് ഏവരും കാണുന്നത്.

RELATED STORIES

Share it
Top