കാടിന്റെ മക്കളോട് കാട്ടുനീതി; മിനിയുടെ ദുരിതത്തിനറുതിയില്ല

കാളികാവ്:  വര്‍ഷങ്ങളായി കോളനിയില്‍ കഴിയുന്ന മിനിക്കും കുടുംബത്തിനും തല ചായ്ക്കാന്‍ ഇടമില്ല. പല തവണ വീടിനായി അധികൃതരോട് യാചിച്ചതാണ്. ഇതുവരെ അധികൃതരുടെ മനസലിഞ്ഞിട്ടില്ല. കോരിച്ചൊരിയുന്ന മഴയത്തും കൊടും തണുപ്പിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു നിര്‍മിച്ച ഷെഡിലാണ് മിനിയും കുട്ടികളും കഴിയുന്നത്. മിനിയുടെ വീടിനായുള്ള അപേക്ഷകള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പല തവണ തള്ളിപ്പോയതായി മിനി പറഞ്ഞു. ചോക്കാടന്‍ പുഴയുടെ ഉല്‍ഭവസ്ഥാനത്ത് പുഴയരികിലാണ് മിനിയുടെയും കുടുംബത്തിന്റെയും ഷെഡ്.
വെള്ളം കുത്തിയൊലിച്ചു വന്ന് കുടിലും ജീവനും അപകടപ്പെടാനും സാധ്യതകളേറെ. ആദിവാസി വികസന വകുപ്പ് അധികാരികള്‍ക്കോ തദ്ദേശസ്ഥാപനാധികാരികള്‍ക്കോ ഇവരുടെ ദുരിതം അറിയാത്തതല്ല. പക്ഷെ ഇവരുടെ രക്ഷയ്ക്കായുള്ള നടപടികളൊന്നും ആരും ആലോചിക്കുന്നില്ലെന്ന് മാത്രം. ആദിവാസികള്‍ ആഗ്രഹിക്കുന്ന ഭൂമി ആദിവാസികള്‍ക്കെന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്നവര്‍ പിന്നീടൊന്നും ചെയ്തില്ല. ആദിവാസി ഫണ്ടുകള്‍ ഏതെല്ലാം വഴിയിലൂടെ മാറിപ്പോകുന്നുവെന്നുള്ള കാര്യത്തിലും കാര്യക്ഷമമായ അന്വേഷണമില്ല. എന്നും ചൂഷണത്തിന്റെ ഇരകളായി കഴിയാനാണ് ഈ ഹതഭാഗ്യരുടെ വിധി. പട്ടിണിയും രോഗവുമായി കഴിയുമ്പോഴും ആദിവാസികള്‍ക്ക് കേറിക്കിടക്കാനൊരു വീട് ഇപ്പോഴും സ്വപ്‌നം മാത്രമാണ്. ഇവര്‍ക്കുവേണ്ടി ഫണ്ടുകളും പദ്ധതികളും അനവധി. എന്നിട്ടും കൊടിയ ദാരിദ്ര്യവും ദുരിതവുംപേറി ചോദ്യചിഹ്നമായി ഒരു കൂട്ടം കാടിന്റെ മക്കള്‍.

RELATED STORIES

Share it
Top