കാടിനെ കൊല്ലുന്ന കട്ടപ്പമാര്‍ബാഹുബലിയും കട്ടപ്പയുമൊക്കെയാണ് ഇപ്പോള്‍

എവിടെയും സംസാരവിഷയം. കട്ടപ്പ ആരെ എന്തിന് കൊന്നുവെന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഒട്ടുമിക്ക മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കുന്നത്.

എന്നാല്‍, ബാഹുബലിയുടെയും കട്ടപ്പയുടെയും കൈയിലിരിപ്പ് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്ത അധികമാരും ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സിനിമാ പരസ്യത്തിന് മീതെ ഒരുവിധ പരുന്തുകളും പറക്കില്ലല്ലോ.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനപ്രദേശം- കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനം- വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെട്ടതായ വാര്‍ത്തയാണ് പുറത്തുവന്നത്- പുറത്തുവരാത്തത് എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

ഷൂട്ടിങ് സംഘത്തിന്റെ ബാഹുബലത്തില്‍ ഞെരിഞ്ഞമര്‍ന്ന കാട്ടിലേക്ക് ഒന്നു കടന്നുവരാന്‍പോലും ഇപ്പോള്‍ വന്യജീവികള്‍ മടിക്കുകയാണത്രേ. എന്തിനു വരണം? കൊടുംവേനലില്‍ കുടിവെള്ളം കിട്ടാതെയും വിശന്നുവലഞ്ഞും കഴിയുന്ന പാവം ജന്തുജാലങ്ങള്‍ക്ക് ബാഹുബലി കൊലക്കേസില്‍ വലിയ താല്‍പര്യമൊന്നുമുണ്ടാവാനിടയില്ല.

പ്രദേശത്തെ അടിക്കാടുകള്‍ക്കാണത്രേ ഏറ്റവും ക്ഷതമേറ്റത്. സീനുകള്‍ക്കായി വെടിപ്പും വൃത്തിയുമുള്ള കാട് ഒരുക്കുന്നതിന്റെ ഭാഗമായി അടിക്കാടുകള്‍ വെട്ടിമാറ്റിയതാവാം.

എന്ത് കാട്, എന്ത് അടിക്കാട്. ഒന്നോര്‍ത്താല്‍, തട്ടുപൊളിപ്പന്‍ പടത്തിന്റെ ഷൂട്ടിങ് സംഘത്തിന്റെ ഇതേ ചിന്ത തന്നെയാണ് വനംവകുപ്പിലെ ചില കട്ടപ്പമാര്‍ക്കുമുള്ളതെന്നു തോന്നും. കാടെന്നു പറഞ്ഞാലെന്താണ്? രണ്ടുകൂട്ടരുടെയും ഉത്തരം ലളിതമാണ്: നിറയെ മരങ്ങളുള്ള ഫോറസ്റ്റ്. മരമുണ്ടെങ്കിലേ കാടുണ്ടാവൂ, കാടുണ്ടെങ്കിലേ മഴയുണ്ടാവൂ എന്നൊക്കെ വിശദീകരണവും വന്നേക്കാം. മരമുണ്ടായാല്‍ മാത്രം കാടുണ്ടാവുമോ എന്നു ചോദിച്ചാല്‍ അടിക്കാടുകൊണ്ട് മഴപെയ്യുമോ എന്ന് തിരിച്ചു ചോദിച്ചെന്നുമിരിക്കും.

മരമുണ്ടായിട്ടും കാടുണ്ടാവാത്ത, മഴപെയ്യിക്കുന്നതിലേറെ മഴവെള്ളം കുടിച്ചുതീര്‍ക്കുന്ന കാടുകളുമുണ്ട് നമ്മുടെ നാട്ടില്‍ത്തന്നെ. വനംവകുപ്പിലെ ചില കട്ടപ്പമാരും ഉദ്യോഗസ്ഥ ബാഹുബലിമാരും ചേര്‍ന്ന് നട്ടുനനച്ച് വളര്‍ത്തിയെടുത്തവ.

ബോധ്യപ്പെടണമെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ പാലോട്, കുളത്തുപ്പുഴ, പേപ്പാറ പ്രദേശങ്ങളിലെ ഇത്തരം പ്രഖ്യാപിത കാടുകളിലേക്കു ചെല്ലുക. മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന അക്കേഷ്യ, മാഞ്ചിയം മരങ്ങളെ കാണാം. പൂമ്പാറ്റകളോ അണ്ണാനോ പോയിട്ട് കിളിനാദംപോലുമില്ലാത്ത മരത്തോപ്പ്്. അവയ്ക്കടിയില്‍ അഴുകി മണ്ണോടുചേരാന്‍ മടികാട്ടുന്ന പ്ലാസ്റ്റിക് പോലുള്ള ഇലകള്‍ വീണുകിടക്കുന്നു. കരിയിലകള്‍ക്കിടയില്‍പ്പോലും ജീവനില്ലാത്ത പ്രദേശം. ഒന്നിനും കൊള്ളാത്ത ഇലകള്‍ എന്നു പറയാനാവില്ല- മറ്റു മരങ്ങളോ ചെടികളോ ഈ മരങ്ങള്‍ക്കിടയില്‍ മുളച്ചുപൊന്താതെ നോക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യം.

മണ്ണിലെ അവസാന തുള്ളി വെള്ളവും ഊറ്റിക്കുടിക്കാനുള്ള കഴിവാണ് ഈ മരങ്ങളുടെ ഏറ്റവും വലിയ സവിശേഷത. അവ നട്ട പ്രദേശങ്ങളിലെല്ലാം കടുത്ത കുടിവെള്ളക്ഷാമമുണ്ടായതായാണ് അനുഭവം. തിരുവനന്തപുരം ജില്ല, പ്രത്യേകിച്ചും പേപ്പാറ, പാലോട് പ്രദേശങ്ങളിലെ ജനങ്ങള്‍ അതു നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ജലക്ഷാമം അനുഭവിക്കുമ്പോഴും അവിടെ ഈ മരങ്ങള്‍ വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യുന്ന തിരക്കിലായിരുന്നു അധികൃതര്‍ എന്നതാണ് ഏറെ വിചിത്രം. ഇതിനെതിരേ പ്രദേശവാസികള്‍ വലിയതോതില്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് മാത്രമല്ല, കണ്ണൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം മരത്തോപ്പുകളുണ്ട്. മഞ്ഞപ്പൂക്കള്‍ വിരിച്ച്, വിഷപ്പൂമ്പൊടി വിതറി ആര്‍ത്തുവളരുന്ന അക്കേഷ്യ മരങ്ങളെ ദേശീയപാതയിലുടനീളം മാത്രമല്ല, അത്രമേല്‍ ലോലമായ പാരിസ്ഥിതിക പ്രത്യേകതകളുള്ള, പൊന്നുപോലെ സംരക്ഷിക്കേണ്ട മാടായിപ്പാറയില്‍ (കണ്ണൂര്‍) പോലും കാണാമെന്നതാണ് സ്ഥിതി. ഏതായാലും സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ ഇനി കൃഷി ചെയ്യില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണു നിര്‍ദേശം.

ഒരു പടികൂടി കടന്ന്, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്ക് ജൂണ്‍ 5ന് തുടക്കംകുറിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. പരിസ്ഥിതിദിനത്തില്‍ മരങ്ങള്‍ വെട്ടിമാറ്റുമെന്ന തീരുമാനം ചങ്ക് അധികമില്ലാത്തവരെയെല്ലാം ഞെട്ടിച്ചുകളഞ്ഞു. തൈ നട്ടാല്‍ മാത്രം പരിസ്ഥിതിപ്രവര്‍ത്തനമാവില്ലെന്നും മരം വെട്ടി—പ്പോലും പരിസ്ഥിതിയെ വീണ്ടെടുക്കാമെന്നുമുള്ള തിരിച്ചറിവ് നല്ലതു തന്നെ. എന്നാല്‍, അതോടൊപ്പം വനംവകുപ്പിലെ ബാഹുബലിമാര്‍ക്കും കട്ടപ്പമാര്‍ക്കും ചിലതുകൂടി പറഞ്ഞുകൊടുക്കണം. വച്ചുപിടിപ്പിക്കാനാവുന്ന ഒന്നല്ല കാട് എന്ന് അവരെ ബോധ്യപ്പെടുത്തണം.

പേരറിയാത്ത ചെടികളും മരങ്ങളും എങ്ങനെയെന്നറിയാതെ വളര്‍ന്ന്, ജന്തുജാലങ്ങള്‍ വസിച്ചുതുടങ്ങുമ്പോള്‍ തികച്ചും സ്വാഭാവികമായി ഉണ്ടാവുകയാണ് കാട്. അല്ലാതെ, ഒരു സുപ്രഭാതത്തില്‍ നട്ടുനനച്ച് വളമിട്ട് വളര്‍ത്തിയെടുത്ത മരങ്ങളുടെ കൂട്ടമല്ല.  കാടുപിടിക്കുക എന്നാണ് പൊതുവെ പറയാറ്. അണ്ണാനും വവ്വാലും കുയിലും മെരുവുമൊക്കെയാണ് വിത്തുവിതച്ച്് കാട് വളര്‍ത്തിയെടുക്കുന്നത്. അതങ്ങനെ നടന്നോട്ടെ. അതിനിടയില്‍ വിവരംകെട്ട വനവല്‍ക്കരണവും ബാഹുബലവുമായി നമ്മളാരും അങ്ങോട്ടു പോവാതിരുന്നാല്‍ മാത്രം മതി.

RELATED STORIES

Share it
Top