കാഞ്ഞൂര്‍ പഞ്ചായത്തിലും ആലുവ തുരുത്തിലും കനത്ത നാശനഷ്ടം

കാലടി: കഴിഞ്ഞദിവസം വൈകീട്ട് മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് കാഞ്ഞൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശമാണ് വരുത്തിയത്.
നിരവധിയാളുകളുടെ പുരയിടത്തിലും മറ്റു പറമ്പുകളിലും നിന്ന ജാതി, തെങ്ങ്, അടക്കാമരം, വാഴ, മാവ് മറ്റ് മരങ്ങളും നിലംപൊത്തി. പല വീടുകളുടെയും മുകളിലേക്ക് മരം മറിഞ്ഞുവീണു. കൂടാതെ ഇടിമിന്നലേറ്റ് വീടുകളിലെ  ട്യൂബ് ലൈറ്റ്കള്‍, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവ കത്തിനശിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും പരസ്യബോര്‍ഡുകളും മറിഞ്ഞ് വീണു. പല റോഡുകളിലും ഗതാഗതം വഴി മുട്ടുകയും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.
അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ വന്ന കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കാഞ്ഞൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കൂടാതെ നാശമുണ്ടായ പ്രദേശങ്ങള്‍ മണ്ഡലം പ്രസിഡന്റ് കെ ഡി പൗലോസിന്റെ നേതൃത്വത്തില്‍ ഒരുസംഘം സന്ദര്‍ശിക്കുകയും ചെയ്തു.
അടിയന്തരമായി കൃഷിവകുപ്പ് അധികൃതര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു നഷ്ടത്തിന്റെ കൃത്യമായ വിവരം ശേഖരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ആലുവ: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ആലുവ തുരുത്ത് മേഖലയില്‍ കനത്ത കൃഷിനാശം. നിരവധി കര്‍ഷകരുടെ കുലക്കാറായ ആയിരത്തോളം വാഴകളാണ് ഒടിഞ്ഞു വീണത്. തുരുത്ത് പേലില്‍ അബ്ദുള്‍അസീസ്, പേരാമ്പറ്റ് വീട്ടില്‍ കൃഷ്ണദാസ്, ജബ്ബാര്‍ വാളുവക്കാട്ട്, ഇഞ്ചക്കുടി അലിയാര്‍ തുടങ്ങിയ കര്‍ഷകരുടെ വാഴകളാണ് ഏറെയും നശിച്ചത്. കനത്ത സാമ്പത്തിക നഷ്ടമാണ് കൃഷി നാശത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്. ചെങ്ങമനാട് അസി. കൃഷി ഓഫിസര്‍  കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തി. കാറ്റിലും മഴയിലും ആലുവ മേഖലയിലാകമാനം മരങ്ങള്‍ നിലംപൊത്തിയിരുന്നു. ആലുവ ചെമ്പകശ്ശേരി കവലയില്‍ ആശാന്‍ ലൈനില്‍ അന്നപ്പള്ളി വീട്ടില്‍ രാമചന്ദ്രന്റെ വീട്ടിലേക്ക് സമീപത്തെ കൂറ്റന്‍ മാവ് മറിഞ്ഞ് വീണു. മരം വീഴുന്ന സമയത്ത് നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

RELATED STORIES

Share it
Top