കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സബ് കനാല്‍ ഭിത്തി തകര്‍ന്നു

ചെര്‍പ്പുളശ്ശേരി: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ മുണ്ടക്കോട്ടുകുര്‍ശി സബ് കനാലില്‍ വെള്ളം തിരിച്ചുവിട്ടതിനെ തുടര്‍ന്ന് കനാലിന്റെ ഭിത്തി തകര്‍ന്ന് നാട്ടുകാര്‍ക്ക് അനുഗ്രഹമായി നാട്ടിലാകെ വെള്ളം. കനാലിന്റെ അവസാന ഭാഗമായ മോളൂരിലാണ് കനാലിന്റെ ഭിത്തി പൊട്ടിയത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. മോളൂര്‍ പള്ളി പിടി മുതല്‍ പുതിയ റോഡ് വരെ റോഡില്‍ വെള്ളം ഒലിച്ചൊഴുകുന്നതാമ് നാട്ടുകാര്‍ കണ്ടത്. മെയിന്‍ കനാലില്‍ നിന്നും സബ് കനാലിലേക്കുള്ളള്ള സര്‍വ്വീസ് ഹോള്‍ അടക്കാതെ വെള്ളം തുറന്നുവിട്ടതാണ് അപകടത്തിനിടയാക്കിയത്.
സബ് കനാലിലേക്കിറങ്ങിയ വെള്ളം താങ്ങി നിര്‍ത്താനുള്ള ശേഷിക്കുറവ് കാരണം സബ് കനാല്‍ ഭിത്തി തകര്‍ത്ത് വെള്ളം പരന്നൊഴുകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മെയിന്‍ കനാലിലെ അറ്റുകുറ്റപണികള്‍ ഭാഗികമായി നടന്നിരുന്നു. ഈ സമയത്ത് സര്‍വ്വീസ് ഹോള്‍ അടക്കാനോ സബ് കനാലിന്റെ ബലക്കുറവ് പരിഹരിക്കാനോ നടപടികളൊന്നും ഉണ്ടായില്ല. അതികൃതരുടെ അനാസ്ഥ കാരണം ഏതാനും വീടുകളില്‍ വെള്ളം കയറിയതും കാലത്ത് വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പ്രയാസപ്പെട്ടതും ഒഴിച്ചാല്‍ ജലക്ഷാമം രൂക്ഷമായ നിരവധി വീട്ടുകാര്‍ക്കും കൃഷിയിടങ്ങള്‍ക്കും ഉപകാരമായി.
നിയന്ത്രിത ജലവിതരണത്തില്‍ കിട്ടാത്തത്ര ജലം നാട്ടുകാര്‍ക്ക് സുലഭമായി ലഭിച്ചു. കിണറുകളെല്ലാം നിറഞ്ഞു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷിയിടങ്ങളെല്ലാം വെള്ളം നിറഞ്ഞു. കടുത്ത വേനലിനും, കൃഷിക്കും ഉപകാരപ്രദമെന്നോണം ഇക്കൊല്ലം രണ്ടാമത്തെ തവണയാണ് കനാല്‍ തുറന്നത്. കഴിഞ്ഞ് 3 വര്‍ഷം മുമ്പും ഈ ഭാഗത്ത് കനാല്‍ ഭിത്തി തകര്‍ന്ന് വിടുകളിലും മറ്റും വെള്ളം കയറിയിരുന്നു. കനാലിലൂടെ വെള്ളം തുറന്ന് വിടുന്നത് കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും ഒരു പരിധി വരെ ഉപകാരപ്പെടുന്നുണ്ടങ്കിലും, ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ചിലയിടങ്ങളില്‍ ഉപകാരപ്പെടാതെ പോകുകയാണ്.

RELATED STORIES

Share it
Top