കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡ് മാര്‍ച്ച് അഞ്ചിന് അടയ്ക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡ് നവീകരണ ജോലികള്‍ക്കായി മാര്‍ച്ച് അഞ്ചിന് അടയ്ക്കും. എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പേട്ടക്കവലയിലെ ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കാനും തീരുമാനിച്ചു. 90 ലക്ഷം രുപയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡ് പുതുക്കി പണിയുന്നതിന്റെ ഭാഗമായാണു സ്റ്റാന്‍ഡ് നവീകരണം. പഴയ കോണ്‍ക്രീറ്റുകള്‍ കുത്തിപ്പൊളിച്ചതിനു ശേഷം പുതുതായി കോണ്‍ക്രീറ്റിങും, ഓടകളുടെ നിര്‍മാണവും നടത്തും.നവീകരണ ജോലികള്‍ക്കായി മാര്‍ച്ച് അഞ്ചിന് അടയ്ക്കുന്ന സ്റ്റാന്‍ഡ് 120 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് തുറന്നു നല്‍കാനാണു തീരുമാനം. സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുന്നയിടത്തെ പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കും. ഒപ്പം കാത്തിരുപ്പു കേന്ദ്രം അടക്കം നിര്‍മിച്ച് സ്റ്റാന്‍ഡിന്റെ മുഖച്ഛായ തന്നെ മാറ്റും. സ്റ്റാന്‍ഡ് അടച്ചിടുന്ന നാലു മാസം ടൗണില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. ദേശീയപാത വഴി കടന്നു പോവുന്ന ബസ്സുകള്‍ക്ക് ഇക്കാലയളവില്‍ പേട്ടക്കവലയിലും കുരുശുകവലയിലും നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കാന്‍ മാത്രമേ അനുമതി നല്‍കുകയുള്ളു. ഇടയ്ക്കു നിര്‍ത്തി ആളുകളെ കയറ്റാനോ ഇറക്കാനോ അനുവദിക്കില്ല. ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് റാണി ആശുപത്രിക്കു സമീപം പാര്‍ക്കിങ് അനുവദിക്കും. മറ്റു ബസ്സുകള്‍ക്ക് ആവശ്യമെങ്കില്‍ എകെജെഎം സ്‌കൂളിനു സമീപവും പാര്‍ക്ക് ചെയ്യാം. കുന്നുംഭാഗത്ത് ടിബി റോഡിനു സമീപം എരുമേലിലേക്കുള്ള ദിശാസൂചിക ബോര്‍ഡ് സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പേട്ട റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്‌സി വാഹനങ്ങള്‍ ആനത്താനം റോഡിലേക്കും, ടൗണ്‍ ഹാള്‍ പരിസരത്തേയ്ക്കും മാറ്റും. ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യാന്‍ പേട്ട കവലയില്‍ നിന്ന് 70 മീറ്റര്‍ ദൂരം കഴിഞ്ഞ് പേട്ട റോഡിലും ദേശീയപാതയില്‍ മൈക്ക സ്‌കൂള്‍ ജങ്ഷന്‍ മുതലും അനുവാദം നല്‍കും. ആനക്കല്ലിലെ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കാനും തീരുമാനമായി.യോഗത്തില്‍ ഡോ. എന്‍ ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍, വൈസ് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സിഐ ഷാജു ജോസ്, എസ് ഐ എ എസ് അന്‍സില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരിം, ടിക് ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top