കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ വെള്ളമില്ലാത്തത് ദുരിതമാവുന്നു

കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനില്‍ വെള്ളമില്ലത്തതു ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമാവുന്നു. ദിവസേന നൂറുക്കണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലാണ് വെള്ളമില്ലാതെ ദുരിതം നേരിടുന്നത്.
കുടിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇതോടെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പൊതുശൗചാലയങ്ങള്‍ ദുര്‍ഗന്ധപൂരിതമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ബഹുനില മന്ദിരം നിര്‍മിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും വെള്ളം എത്തിക്കുന്നതിനു സംവിധാനമില്ല. സമീപത്തായി സ്ഥാപിച്ച മഴവെള്ള സംഭരണിയാണ് ആകെയുള്ള ആശ്രയം.
എന്നാല്‍ വേനല്‍ക്കാലത്ത് സംഭരണി വറ്റിവരണ്ടതോടെ സിവില്‍ സ്റ്റേഷനിലേയ്ക്കു വെള്ളം ലഭിക്കാതെയായി. മേലരുവിയില്‍ നിന്ന് ജലമെത്തിക്കുന്ന പദ്ധതി തകരാറിലായിട്ടു മാസങ്ങള്‍ കഴിഞ്ഞു. നിരവധി കുടിവെള്ള വിതരണ പദ്ധതികള്‍ മേഖലയില്‍ നടപ്പാക്കുന്നുണ്ടെങ്കിലും സിവില്‍ സ്റ്റേഷനില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതികളൊന്നും ഏര്‍പ്പെടുത്തിട്ടില്ല. വെള്ളമില്ലെന്ന കാരണത്താല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാത്തിരപ്പള്ളി ഡിവൈഎസ്പി ഓഫിസ് പൊന്‍കുന്നത്തേക്കു മാറ്റി പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
അഞ്ചു നിലകളിലായി 23 ഓഫിസുകളാണുള്ളത്. നൂറു കണക്കിന് ഉദ്യോഗസ്ഥരും ദിനംപ്രതി നിരവധി ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളും നിരന്തരമായി നേരിടുന്ന വെള്ളമില്ലായ്മ പരിഹരിക്കാത്തതില്‍ വലിയ പ്രതിഷേധത്തിലാണ്.

RELATED STORIES

Share it
Top