കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഓഫിസ് ബോംബെറിഞ്ഞു തകര്‍ത്തു

കാഞ്ഞിരപ്പള്ളി: സിപിഎം-ബിജെപി-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സിപിഎം ഓഫിസ് പെട്രോള്‍ ബോംബെറിഞ്ഞു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂളിനു സമീപത്തുള്ള സിപിഎം ഓഫിസാണ് പെട്രോള്‍ ബോംബെറിഞ്ഞു തകര്‍ത്തത്. ഇതിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. തുടര്‍ന്ന് സിപിഎം നടത്തിയ പ്രകടനത്തില്‍ കാമറമാനു നേരെ കൈയറ്റമുണ്ടായി. സിപിഎമ്മുകാര്‍ ആര്‍എസ്എസ് കൊടിമരം നശിപ്പിക്കുന്നതു പകര്‍ത്തിയ ന്യൂസ്ചാനല്‍ കാമറമാനു നേരെയാണു കൈയേറ്റം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വച്ച് ആര്‍എസ്എസ് തമ്പലക്കാട് ശാഖാ കാര്യവാഹ് അംബിയില്‍ രതീഷിന് മര്‍ദ്ദനമേറ്റതോടെയാണു സിപിഎം, ഡിവൈഎഫ്‌ഐ, ബിജെപി, ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങിയ രതീഷിനെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നു പരാതി ഉയര്‍ന്നിരുന്നു. അന്നു രാത്രി തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ തമ്പലക്കാട് കണിക്കുന്നേല്‍ അലന്‍ കെ ജോര്‍ജിന്റെ വീട്ടില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അലന്റെ അച്ചന്‍ ജോര്‍ജുകുട്ടി, അമ്മ ജെസി, സഹോദരന്‍ അലക്‌സ് എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് ഇരുകൂട്ടര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും എസ്എഫ്‌ഐ ഭാരവാഹികളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയും ആര്‍എസ്എസ്, എബിവിപി ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയും കേസ് എടുത്ത് അന്വേഷണം നടക്കുന്നതിടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി തമ്പലക്കാട് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും ഇരു വിഭാഗങ്ങളും പോലിസ് നോക്കി നില്‍ക്കെ പ്രകോപനപരമായി മുദ്രാവാക്യം വിളി ഉയര്‍ത്തി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവേകാനന്ദ സേവാ സമിതിയുടെ ഓഫിസിനു നേരെയും കര്‍ഷക മോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടി കെ വി നാരായണന്‍ നമ്പൂതിരിയുടെ വീടിനു നേരേയും കല്ലേറു നടത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന കല്ലേറില്‍ പോലിസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ നിരവധിപേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്പലക്കാട് ജങ്ഷനില്‍ സ്ഥാപിച്ച ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടിമരങ്ങള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിലും പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടി ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉച്ചമുതല്‍ വൈകീട്ട് അഞ്ചു വരെ കാഞ്ഞിരപ്പള്ളിയില്‍ ഹര്‍ത്താല്‍ നടത്തി. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും നടത്തി. കാഞ്ഞിരപ്പള്ളിയിലും, തമ്പലക്കാടും വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വന്‍ പോലിസ് സന്നാഹമാണു വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top