കാഞ്ഞിരപ്പള്ളിയില്‍ പെട്ടിക്കട കത്തിനശിച്ചു; ചാമ്പലായത് കുടുംബത്തിന്റെ വരുമാന മാര്‍ഗംകാഞ്ഞിരപ്പള്ളി: പാതയോരത്ത് വൃദ്ധരായ ദമ്പതികള്‍ നടത്തി വന്ന പെട്ടിക്കട കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൂവപ്പള്ളി എന്‍ജിനീയറിങ് കോളജിനു സമീപം റോഡരികിലുണ്ടായിരുന്ന പെട്ടിക്കടയാണ് കത്തിനശിച്ചത്. കൂവപ്പള്ളി കയ്യാലക്കല്‍ മാത്യു തോമസ് (ജോയി) നടത്തിയ കടയാണ് കത്തി നശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പോലിസ് സംഘം പെട്രോളിങ് നടത്തുന്നതിനിടെയാണ് കട കത്തുന്നത് കണ്ടത്.തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇവരെത്തി തീയണയ്ക്കുകയായിരുന്നു. കൂവപ്പള്ളി കുരിശുമല കയറ്റത്തോടനുബന്ധിച്ച് കടയില്‍ വില്‍ക്കാനായി എത്തിച്ച മെഴുകുതിരി അടക്കമുള്ള കടയിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. അഞ്ച് ഡസ്‌ക്കും മറ്റ് ഉപകരണങ്ങളും ഇതോടൊപ്പം കത്തിയമര്‍ന്നു. ഹൃദ്‌രോഗിയായ ജോയി കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കട നടത്തുകയാണ്. വൃക്ക സംബന്ധമായ അസുഖവും ഇദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. മരുന്നിനായി ഇദ്ദേഹത്തിന് ആഴ്ചയില്‍ 1500 രുപ വേണ്ടി വരും. കട കത്തിനശിച്ചതോടെ ജോയിയുടെ ഏക വരുമാനമാര്‍ഗമാണ് ഇല്ലാതായത്. കട കത്തിയതിന്റെ പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് ജോയിയുടെയും കുടുംബത്തിന്റെ ആക്ഷേപം.

RELATED STORIES

Share it
Top