കാഞ്ഞിരപ്പള്ളിയിലെ പാറമട ജനജീവിതത്തിന് ഭീഷണിയാവുന്നുകാഞ്ഞിരപ്പള്ളി: കുളപ്പുറം ഒന്നാം മൈലിലുള്ള ഡ്രീം ലാന്‍ഡ് പ്രദേശവാസികള്‍ക്കു ഭീഷണിയായി പാറമടയുടെ പ്രവര്‍ത്തനം. പ്രദേശവാസിളായ 150 ഓളം കുടുംബങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിരിക്കുകയാണ് സമീപത്തെ പാറമട. അത്യുഗ്ര സ്‌ഫോടനങ്ങള്‍ മൂലം മിക്ക വീടുകളുടെയും ഭിത്തികള്‍ വിണ്ടുകീറി ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. പാറമട നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കലക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും പോലിസ് അധികാരികള്‍ക്കും പരാതി നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലിസ് സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയിരുന്നു. പാറമടയില്‍ നിന്ന് ജനവാസ മേഖലയിലേയ്ക്ക് 150 മീറ്റര്‍ മാത്രമേ ഇപ്പോള്‍ അകലമുള്ളു. പാറമടയിലെ സ്‌ഫോടനങ്ങള്‍ നിരവധിപേരെ ഹൃദ്‌രോഗികളാക്കി മാറ്റി. സ്‌ഫോടന സമയത്ത് ഉയരുന്ന പൊടിപടലങ്ങള്‍ അനേകര്‍ക്കു ശ്വാസകോശം സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായി. പാറത്തോട് പഞ്ചായത്ത് 13ാം വാര്‍ഡില്‍പ്പെട്ട ഈ പ്രദേശത്ത് കാല്‍ നൂറ്റാണ്ടായി പാറഖനനം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ജനജീവിതത്തെ എറെ ബാധിച്ചത്. വലിയ പാറക്കക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളില്‍ പതിച്ച് വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടയ്ക്കു നിലവില്‍ ലൈസന്‍സ് ഇല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ജനങ്ങളുടെ ഏക ആശ്രയമായിരുന്ന മഴവെള്ള സംഭരണികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ ഉപയോഗശൂന്യമായി രാവിലെ അഞ്ചര മുതല്‍ പാറമടയിലേക്ക് ടോറസ് വാഹനങ്ങള്‍ എത്തിച്ചേരുന്നു.രാവിലെ മുതല്‍ വൈകിട്ട് വരെ നിരവധി ലോഡുകളുമായി വാഹനങ്ങള്‍ കടന്നു പോകുന്നു. മുന്‍കാലങ്ങളില്‍ വീടിനു മുകളില്‍ പറക്കഷണങ്ങള്‍ വീണു കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു പാറമട നടത്തിപ്പുകാരോട് പരാതി ഉന്നയിച്ചെങ്കിലും സ്‌ഫോടനത്തിന്റെ ശേഷി കുറയ്ക്കാമെന്നു വാക്കു നല്‍കിയിരുന്നതിനാല്‍ പ്രതിഷേധം നടന്നില്ല. വാഗ്ദാനങ്ങള്‍ ലംഘിച്ചു നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമട ഡ്രീം ലാന്റ് നിവാസികള്‍ക്ക് പേടി സ്വപ്‌നമായിരിക്കുകയാണ്.പാറമടക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് തദ്ദേശവാസികള്‍.

RELATED STORIES

Share it
Top