കാഞ്ഞിയൂരിനു കൗതുകമായി ഈന്തപ്പഴം കായ്ച്ചു

റാഫി തങ്ങള്‍
ചങ്ങരംകുളം: കാലാവസ്ഥയും പരിചരണവും ഒത്തിണങ്ങിയാല്‍ മരുഭൂമിയിലെ കനി ഇവിടെയും കായ്ക്കും. സാധാരണ മണല്‍ വിരിച്ചു കിടക്കുന്ന മരുഭൂമിയില്‍ മാത്രം കായ്ക്കുന്ന ഈന്തപ്പനയാണ് ചങ്ങരംകുളം  കാഞ്ഞിയൂരിലെ വീട്ടുമുറ്റത്ത് കുലച്ചു നില്‍ക്കുന്നത്. കാഞ്ഞിയൂര്‍ പടാത്ത് ബഷീറിന്റെ വീട്ടിലാണു കൗതുകമുണര്‍ത്തി അറേബ്യന്‍ കനി വിളഞ്ഞു നില്‍ക്കുന്നത്.
കനത്തചൂടാണ് ഈത്തപ്പഴം കായ്ക്കാനുള്ള കാലാവസ്ഥ.ഇത് പഴുക്കുന്ന സമയം കൂടിയ ചൂടിലാണു പരീക്ഷണമെന്നോണമാണ് ബഷീറും സഹോദരങ്ങളായ കുഞ്ഞുമോനും ജബ്ബാറും റഷീദും ചേര്‍ന്ന് ഈന്തപ്പന നട്ടത്. കഴിഞ്ഞ ദിവസങ്ങളിലായാണ് അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് ഈന്തപ്പന പൂത്തതും കായ് ഉറച്ചതും.ഇതോടെ അറേബ്യന്‍ കനി ഇവിടെയും കായ്ക്കുമെന്നു ബോധ്യമായി. ഒരു വര്‍ഷം മുന്‍പാണ് തൃശ്ശൂര്‍ മണ്ണുത്തിയില്‍ നിന്ന് രണ്ട് ചെടികള്‍ വാങ്ങിച്ചത്.ഇതില്‍ ഒന്നാണ് കായ്ച്ചിരിക്കുന്നത്.അറബ് നാട് ഹൃദയബന്ധമുള്ള പ്രദേശവാസികള്‍ക്ക് ഈന്തപ്പന കുലച്ചത് കൗതുകവും സന്തോഷവും പടര്‍ത്തിയിരിക്കുകയാണ്.നിരവധി ആളുകളാണ് ഈ കാഴ്ച കാണാന്‍ ദൂരെ നിന്ന് പോലും എത്തുന്നത്.

RELATED STORIES

Share it
Top