കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഉല്‍പാദന മേഖലയ്ക്ക് മുന്‍ഗണന

കാഞ്ഞങ്ങാട്: ഉല്‍പാദന മേഖലയിലും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അവതരിപ്പിച്ചു. 34,48,89,638 രൂപ വരവും 34,25,50,900 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 23,38,738 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ലൈഫ് ഭവന പദ്ധതിക്കായി 80,41,200 രൂപയും കാര്‍ഷിക മേഖലയില്‍ 1,14,09,440 രൂപയും വകയിരുത്തിയിട്ടുണ്ട്.
നെല്ലുല്‍പാദനം മെച്ചപ്പെടുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് കൂലി ചിലവിനത്തില്‍ 48,4500 രൂപയും ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിന് 21,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കശുമാവ് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ഗ്രാഫ്റ്റഡ് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
ചിത്താരി പുഴ സംരക്ഷണത്തിന് അജാനൂര്‍ പുല്ലൂര്‍ പെരിയ പള്ളിക്കര പഞ്ചായത്ത് സഹകരണത്തോടെ ഒരു ലക്ഷം രൂപ ചിലവഴിക്കും.
പരിസ്ഥിതി ദിനത്തില്‍ ബ്ലോക്ക് പരിധിയില്‍ 2 ലക്ഷം ഫലവൃക്ഷച്ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പദ്ധതിയുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ക്ക് 3.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയ്ക്ക് 63,97,469 രൂപയാണ് വകയിരുത്തിയിട്ടുള്‌ലത്.
പള്ളിക്കരയില്‍ മിനി സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് 6,97, 465 രൂപയും ചിലവഴിക്കും. ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് എം ഗൗരി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top