കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയം: ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി

കാഞ്ഞങ്ങാട്: കായിക പ്രേമികളുടെ ചിരകാല സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി. പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നത്. ആലാമിപ്പള്ളി ബസ്സ്റ്റാന്റിന് പിറക് വശത്തുള്ള റവന്യൂ ഭൂമിയിലാണ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നത്. സ്ഥലം എംഎല്‍എ ആയ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2014 അവസാനത്തോടെ തന്നെ ഇതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. 2015ല്‍ തന്നെ ഇതിനുള്ള ഭരണാനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് പ്രവൃത്തിക്ക് സങ്കേതികാനുമതി ലഭിച്ചത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുത്ത സ്ഥലം കെട്ടിട നിര്‍മാണത്തിനായി അന്നത്തെ ഭരണ സമിതി വിട്ട് നല്‍കിയത് വിവാദമായിരുന്നു. നഗരസഭയുടെ കെടുകാര്യസ്ഥതയാണ് പദ്ധതി വൈകാന്‍ കാരണമായതെന്ന് പരാതിയുണ്ടായിരുന്നു. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ജില്ലയിലെ എംഎല്‍എമാരും എംപിയും അടങ്ങുന്ന വികസന സമിതി അംഗങ്ങളാണ് തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് കോടി രൂപ അടങ്കല്‍ തുകയിലാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നത്. 4.5 കോടി രൂപയാണ് സ്‌റ്റേഡിയം നിര്‍മാണ ചെലവ്. 1.5 കോടി രൂപ ഇലക്ട്രിഫിക്കേഷന് ചെലവാകും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല.

RELATED STORIES

Share it
Top