കാഞ്ഞങ്ങാട്് ഓട്ടിസം പാര്‍ക്ക് പ്രവര്‍ത്തനത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കുട്ടികളുടെ ആശവിനിമശേഷിയേയും സഹവര്‍ത്തിത്വശേഷിയേയും ബാധിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിപോഷിപ്പിക്കുന്നതിനായി ജില്ലയില്‍ മേലാങ്കോട്ട് സ്‌കൂളില്‍ ഓട്ടിസം പാര്‍ക്കൊരുങ്ങുന്നു. ഇവരിലുള്ള വിശേഷാല്‍ കഴിവ് പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് ഓട്ടിസം പാര്‍ക്ക് ഒരുങ്ങുന്നത്.
മേലാങ്കോട് എസി കണ്ണന്‍നായര്‍ സ്മാരക ഗവ. യുപി സ്‌കൂളിനോട് അനുബന്ധിച്ച് ഒരുങ്ങുന്ന പാര്‍ക്കിന്റെ സ്ഥലം കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍, കാഞ്ഞങ്ങാട് ഡിഇഒ പുഷ്പ, എഇഒ ജയരാജ് എന്നിവര്‍ സന്ദര്‍ശിച്ചു.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശയ വിനിമയം, പെരുമാറ്റം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സര്‍ഗാത്മക വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള ബൃഹത് പദ്ധതിക്കാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെയും സാന്നിധ്യത്തില്‍ രൂപരേഖയായത്.
ഓട്ടിസം പാര്‍ക്കിന്റെ ഭാഗമായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഡവലപ്‌മെന്റല്‍ തെറാപ്പി, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിങ്, സെന്‍സറി പാര്‍ക്ക്, കളിസ്ഥലം എന്നിവ ഒരുക്കും. 2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലും പരിസരങ്ങളിലുമാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുക. പാര്‍ക്കില്‍ ഓരോ വിഭാഗത്തിന്റെയും പരിശീലകരും ഉണ്ടാകും.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സെന്‍സറി പാര്‍ക്കൊരുങ്ങുന്നത്. പാര്‍ക്കിന്റെ നിര്‍മാണത്തിന് 50 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമായി. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയില്‍ ഓട്ടിസം പാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്. സംസ്ഥാനത്ത് 14 ജില്ലകളിലും ഇതുപോലെ ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കുന്നുണ്ട്.

RELATED STORIES

Share it
Top