കാഞ്ഞങ്ങാടും മാവേലിക്കരയിലും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍എസ്എസ് ആക്രമണം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാടും ആലപ്പുഴ മാവേലിക്കരയിലും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍എസ്എസ് ആക്രമണം. കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിക്കും മാവേലിക്കര ചാരുംമൂട് കരിമുളക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.കാഞ്ഞങ്ങാട് പള്ളിക്ക് നേരെ നടന്ന കല്ലേറില്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്, നന്ദു, തങ്കം എന്നിവര്‍ക്ക് പരിക്കേറ്റു. ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് ഒരു പ്രകോപനവുമില്ലാതെയുള്ള ആര്‍എസ്എസ് ആക്രമണമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പച്ചവര്‍ പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയാണ് ആക്രമിക്കപ്പെട്ടത്.ചാരുംമൂട് കരിമുളക്കല്‍ സെന്റ്ഗ്രിഗോറിയോസ് ഓര്‍ത്തോഡ്ക്‌സ് പള്ളി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു.പുലര്‍ച്ചെ ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ കോര്‍പ്പിസ്‌കോപ്പ ഫാദര്‍ എം.കെ.വര്‍ഗ്ഗീസിനു നേരെയാണു ആദ്യം കയ്യേറ്റ ശ്രമം ഉണ്ടായത്. ഈസ്റ്റര്‍ പ്രമാണിക്കു വിശ്വാസികളുടെ പ്രദിക്ഷണം ഉണ്ടായതിനാല്‍ സ്ഥിരം പാര്‍ക്ക് ചെയ്യുന്നിടത്തു നിന്നും മാറി പള്ളിക്ക് സമീപം വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങവേ ഏഴംഗ സംഘം മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു.ഇതു കണ്ട് പരിഭ്രാന്തനായ വൈദികന്‍ ബഹളം വെക്കുന്നത് കേട്ട് പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന വിശ്വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം പള്ളി കോമ്പൗണ്ടിലെ ഗാര്‍ഡന്‍ നശിപ്പിച്ചിട്ട് തൊട്ടടുത്ത പള്ളി വക കെട്ടിടത്തിലേക്ക് ഓടി കയറി.തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍,കതകുകള്‍,വാതില്‍ പടികള്‍,ഭിത്തി എന്നിവ അടിച്ചു തകര്‍ത്തു.അടി വസ്ത്രം മാത്രം ധരിച്ചെത്തിയായിരുന്നു ആക്രമണം.ഇതിനിടയില്‍ ഇടവക വികാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പോലീസ് സ്ഥലത്തെത്തുകയും സംഭവ സ്ഥലത്ത് നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.പള്ളിയുടെ തൊട്ടടുത്ത് താമസിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കോലാപ്പി എന്ന് വിളിക്കുന്ന അരുണിനെയാണു പുലര്‍ച്ചെ തന്നെ പിടികൂടിയത്.മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുനു സുധാകര്‍,സനല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്. സെന്റ് ഗ്രിഗോറിയസ് ഇടവകയുടെ നേതൃത്വത്തില്‍ പള്ളി കോമ്പൗണ്ടില്‍ വോള്‍ട്ട് സെമിത്തേരി പണിയുന്നതുമായി ബന്ധപ്പട്ട് അരുണും സംഘവും ഫാദര്‍ വര്‍ഗ്ഗീസിനെ ഇതിനു മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സെമിത്തേരിക്കെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ കരിമുളക്കലിലും പരിസര പ്രദേശങ്ങളിലും ഒപ്പു ശേഖരണം നടത്തിയിരുന്നു.പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ വിവിധ മതരാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധിച്ചു.കരിമുളക്കലില്‍ നടന്ന പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ ജി.സുധാകരന്‍,തോമസ് ഐസക്ക്,മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി,കൊടിക്കുന്നില്‍ സുരേഷ് എം.പി,ആര്‍.രാജേഷ് എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍,സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പ്രസാദ്, കെ.കെ.ഷാജു,എം.ലിജു,സി.എസ്.സുജാത ചെങ്ങന്നൂരിലെ എല്‍.ഡി.എഫ്,യു.ഡി.എഫ്,എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍, പോപുലര്‍ ഫ്രണ്ട്,എസ്.ഡി.പി.ഐ നേതാക്കള്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top