കാക്കാകട- പെരിയകനാല്‍ റോഡ് വികസനത്തിനു നടപടിയില്ല

അടിമാലി: ഏഴുവര്‍ഷം മുമ്പു മരാമത്തു വകുപ്പ് അനുകൂല റിപോര്‍ട്ട് ലഭിച്ച കാക്കാകട-പെരിയകനാല്‍ റോഡ് വികസനം ചുവപ്പുനാടയില്‍ കുടുങ്ങി. റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്തു നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനൊപ്പം താനും എംഎല്‍എയും ഉണ്ടാവുമെന്ന് ഒരു വര്‍ഷം മുമ്പ് വൈദ്യുതി വകുപ്പു മന്ത്രി നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. മരാമത്ത് വകുപ്പു റോഡ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
മുന്‍ എംപി പി ടി തോമസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ച നിവേദനങ്ങളെത്തുടര്‍ന്നു മരാമത്ത് വകുപ്പ് ഇടുക്കി ഡിവിഷന്‍ അധികൃതര്‍ ഈ റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുക്കാനാവശ്യമായ അനുകൂല റിപോര്‍ട്ട് സര്‍ക്കാര്‍തലത്തി ല്‍ സമര്‍പ്പിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം അതു നടന്നില്ല.
മരാമത്ത് വകുപ്പിന്റെ സി, ഡി വകുപ്പുകളുടെ പരിഗണനയിലെത്തിയ ഫയല്‍ പിന്നീടു ചുവപ്പുനാടയില്‍ കുരുങ്ങുകയായിരുന്നു. ബൈസണ്‍വാലി- ചിന്നക്കനാല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന ഈ റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എംഎം മണി ബൈസണ്‍വാലി ഗ്രാമപ്പഞ്ചായത്തി ല്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നാണു പ്രദേശവാസികളുടെ ആരോപണം.
ദേവികുളം എംഎല്‍എ എസ്  രാജേന്ദ്രനും താനും ചേര്‍ന്ന് ഈ റോഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡിന്റെ നിര്‍മാണത്തോടനുബന്ധിച്ചു കാക്കാകട-പരിയകനാല്‍ സമാന്തര പാത ടാറിങ് നടത്തണമെന്നു പഞ്ചായത്തും മറ്റു ജനപ്രതിനിധികളും ദേശീയപാത അധികൃതരോടാവശ്യപ്പെട്ടെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

RELATED STORIES

Share it
Top