കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3ന് ആലപ്പുഴയില്‍

കോട്ടയം: 'ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍' എന്ന മുദ്രാവാക്യത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 14ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ മൂന്നുവരെ കേരളത്തിലെ കലാലയങ്ങളിലൂടെ വിളംബര ജാഥ കടന്നുപോവും.
നവംബര്‍ ഏഴിന് കാസര്‍കോട്ട് ആരംഭിക്കുന്ന വിളംബര ജാഥ ഡിസംബര്‍ 3ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് കൊളാഷ് പ്രദര്‍ശനം, സെമിനാര്‍, ഫഌഷ് മോബ്, വിദ്യാര്‍ഥി റാലി, പൊതുസമ്മേളനം, നാടകം തുടങ്ങി നിരവധി പരിപാടികളും സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. മികച്ച രാഷ്ട്രീയക്കാരെയും വിദ്യാഭ്യാസപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സംഭാവനചെയ്ത പാരമ്പര്യമാണ് കേരളത്തിലെ കലാലയങ്ങള്‍ക്കുള്ളത്.
ഭരണകേന്ദ്രങ്ങളെ പോലും താഴെയിറക്കാന്‍ പ്രാപ്തിയുള്ള വിദ്യാര്‍ഥി രാഷ്ട്രീയ കാഴ്ചപ്പാട് ഈ നാടിന്റെ മാത്രം പ്രത്യേകതയാണ്.
എന്നാല്‍, ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍, ഒരുഭാഗത്ത് അരാഷ്ട്രീയവാദവും മറുഭാഗത്ത് അക്രമരാഷ്ട്രീയവും സമഗതിയില്‍ ഓടുന്ന പ്രതിഭാസമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാംപസുകളില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഏകപക്ഷീയമായ ഗുണ്ടായിസമാണ് അരങ്ങേറുന്നത്.
കാംപസുകളില്‍ എല്ലാവര്‍ക്കും ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നതാണ് കാംപസ് ഫ്രണ്ടിന്റെ നിലപാട്. സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ജനാധിപത്യം പുനസ്ഥാപിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലിം, സംസ്ഥാന സമിതി അംഗം എസ് മുഹമ്മദ് റാഷിദ്, കോട്ടയം ജില്ലാ പ്രസിഡന്റ് എ ഷമീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top